ലഹരിയിൽ പോലീസുകാർ, സംഘർഷങ്ങൾ കൂടുന്നു; ഉത്തരവാദിത്തം യൂണിറ്റ് ചീഫുമാർക്ക്; കടുപ്പിച്ച് എഡിജിപി

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ പോലീസുകാർ മദ്യപിക്കുന്നത് കൂടിവരുന്നതും നാട്ടുകാരുമായി സംഘർഷം പതിവാകുന്നതും ചൂണ്ടിക്കാട്ടി കർശന താക്കീതുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാർ. സേനയിൽ ശുദ്ധീകരണം കൂടിയേ തീരുവെന്നും അല്ലാത്തപക്ഷം യൂണിറ്റ് മേധാവിമാരെ ഉത്തരവാദികളായി കണ്ട് നടപടിയെടുക്കുമെന്നും ആണ് മുന്നറിയിപ്പ്. എഡിജിപിയുടെ സർക്കുലറിൻ്റെ പകർപ്പ് മാധ്യമ സിൻഡിക്കറ്റ് പുറത്തുവിടുന്നു.

ലഹരിവിമുക്ത ചികിൽസ ആവശ്യമുള്ള പോലീസുകാർക്ക് ഉടനടി അത് നൽകണം. ഇക്കാര്യത്തിൽ ഒരു വീഴ്ചയും പാടില്ല. ലഹരി ഉപയോഗത്തിൻ്റെ പേരിലുള്ള ഒരു പെരുമാറ്റദൂഷ്യവും ഇനി വച്ചുപൊറുപ്പിക്കാനാകില്ല. ഇതിനെ തുടർന്ന് ഉണ്ടാകുന്ന സംഘർഷങ്ങൾ സർക്കാരിനും സേനക്കും വല്ലാത്ത കളങ്കമാണ് ഉണ്ടാക്കുന്നതെന്നും കടുത്ത ഭാഷയിലാണ് എഡിജിപി മുന്നറിയിപ്പ് നൽകുന്നത്.

ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് വരുകയോ ഡ്യൂട്ടിയിൽ തുടരുകയോ ചെയ്താൽ അതിൻ്റെ പൂർണമായ ഉത്തരവാദിത്തം ആ യൂണിറ്റ് മേധാവിക്ക് ആകും. കർശനമായ വകുപ്പുതല നടപടി യൂണിറ്റ് മേധാവിമാർക്കും മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥർക്കും എതിരെ സ്വീകരിക്കുന്നതാണ്. ഈ വിവരങ്ങൾ ജില്ലാ പോലീസ് മേധാവി പ്രത്യേക യോഗം വിളിച്ച് തൻ്റെ കീഴിലുള്ള ഡിവൈഎസ്പി, എസി, ഇൻസ്പെക്ടർ, എസ്എച്ച്ഒ ഉൾപ്പെടെ എല്ലാ ഉദ്യോഗസ്ഥരെയും ധരിപ്പിക്കേണ്ടതും അത് യോഗത്തിൽ പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥരും പൂർണ അർത്ഥത്തിൽ മനസിലാക്കി എന്ന് ഉറപ്പുവരുത്തേണ്ടതും ആണ്…. സർക്കുലർ പറഞ്ഞ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

പോലീസുകാരുടെ ലഹരി ഉപയോഗത്തിൻ്റെ പേരിൽ ഇത്ര കർശനമായ നടപടി നിർദേശം ഇതാദ്യമാണ്. മാത്രവുമല്ല, ഇത്തരം പ്രവർത്തികളുടെയെല്ലാം ഉത്തരവാദിത്തം മേലുദ്യോഗസ്ഥർക്ക് ആകുമെന്ന എഡിജിപിയുടെ മുന്നറിയിപ്പ് പോലീസിൽ എല്ലാ തലങ്ങളിലും ആശങ്ക ഉണ്ടാക്കുന്നതുമാണ്.

നെടുമ്പാശേരിയിൽ മദ്യലഹരിയിലായിരുന്ന എസ്ഐ, ഒരു സ്ത്രീ അടക്കം നാട്ടുകാരെ രാത്രി പൊതുവഴിയിൽ ചൂരലിന് അടിച്ചോടിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. മദ്യപിച്ചുവെന്ന് വ്യക്തമായ ഉടൻ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് മുഖം രക്ഷിക്കുകയല്ലാതെ സർക്കാരിന് വേറെ വഴിയുണ്ടായില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top