പോലീസ് പിടിമുറുക്കിയതാണ് അബിഗേലിനെ തിരികെക്കിട്ടാന്‍ കാരണമെന്ന് എഡിജിപി; പ്രതികള്‍ ഉടന്‍ കുടുങ്ങും; കൃത്യമായ സൂചനകളുണ്ട്

കൊല്ലം: അബിഗേല്‍ സാറയെ തട്ടിക്കൊണ്ടുപോയ പ്രതികള്‍ അധികം താമസിയാതെ പിടിയിലാകുമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത്‌ കുമാര്‍. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. കുട്ടിയെ വീണ്ടെടുക്കലായിരുന്നു ആദ്യ ദൗത്യം. അത് കഴിഞ്ഞു. പ്രതികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയില്ല. നവകേരള സദസിന്‍റെ തിരക്കില്‍ നിന്നും മാറി കൊല്ലത്തെത്തി ക്യാമ്പ് ചെയ്ത് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച എഡിജിപി അജിത്‌ കുമാര്‍ പറഞ്ഞു.

“ഇന്ന് രാവിലെയോടെ കുട്ടിയെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയാണ് പോലീസിനുണ്ടായിരുന്നത്. കൊല്ലം-തിരുവനന്തപുരം റൂറല്‍ പ്രദേശം വിട്ട് പുറത്ത് പോയിട്ടില്ലെന്നുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നീങ്ങിയത്. തെക്കന്‍ കേരളം മുഴുവന്‍ പോലീസ് നിരീക്ഷണത്തിലാക്കി. മുള്‍മുനയിലായതോടെ വേറെ വഴിയില്ലാതെയാണ് അവര്‍ കുട്ടിയെ ഉപേക്ഷിച്ചത്.

കൊല്ലം ആശ്രാമത്തുള്ളവര്‍ കുട്ടിയെ തിരിച്ചറിഞ്ഞതോടെ അവര്‍ മാതാപിതാക്കളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു. നമ്പര്‍ അറിയാമായിരുന്നതിനാല്‍ അപ്പോള്‍ തന്നെ മാതാപിതാക്കളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞു. കുട്ടിയെ ഞങ്ങള്‍ സുരക്ഷിത കസ്റ്റഡിയിലാക്കി.

ഇന്നലെ വൈകീട്ട് വെള്ള സ്വിഫ്റ്റ് കാറിലാണ് കൊല്ലം ഓയൂരില്‍നിന്ന് അബിഗേലിനെ തട്ടിക്കൊണ്ട് പോയത്. ഒരു പേപ്പര്‍ അമ്മക്ക് നല്‍കണമെന്ന് പറഞ്ഞ് അടുത്ത് വരുകയും തട്ടിക്കൊണ്ട് പോവുകയുമായിരുന്നു. വായ പൊത്തിപ്പിടിച്ച ശേഷം ബാക്ക് സീറ്റില്‍ കിടത്തുകയാണ് ചെയ്തത്.

അവസാനം അബിഗേലിനെ കണ്ടത് കല്ലുവാതുക്കലിലാണ്. ഒരു ഓട്ടോയിലാണ് അവര്‍ അവിടെ വന്നത്. ഒരു വീട്ടിലാണ് എത്തിച്ചത്. ലാപ്ടോപ്പില്‍ കാര്‍ട്ടൂണ്‍ കാണിച്ചുകൊടുക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തിട്ടുണ്ട്. കുട്ടി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.”-എഡിജിപി പറഞ്ഞു. ജാഗ്രതയോടെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കും അന്വേഷണവുമായി സഹകരിച്ചവര്‍ക്കും പൊതുജനങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top