കഞ്ചാവ് വലിക്കാന്‍ എക്സൈസിനോട് തീ ചോദിച്ച സ്കൂൾ കുട്ടികളെ വിട്ടയച്ചു; അധ്യാപകരെയും മാതാപിതാക്കളെയും വിളിച്ചു വരുത്തി

കഞ്ചാവ് ബീഡി കത്തിക്കാൻ തീപ്പെട്ടി തേടി അടിമാലി എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫിസിലെത്തിയ സ്കൂൾ വിദ്യാർത്ഥികളെ വിട്ടയച്ചു. തൃശൂരിലെ സ്കൂളിൽനിന്നു മൂന്നാറിലേക്കു ടൂർ പോയ വിദ്യാർത്ഥിസംഘത്തിലെ രണ്ടു പേരെയാണ് അധ്യാപകർക്കും മാതാപിതാക്കൾക്കും ഒപ്പം വിട്ടയച്ചത്. ഇവർക്കെതിരെ കേസെടുശേഷമാണ് വിട്ടയച്ചതെന്ന് അധികൃതർ അറിയിച്ചു.
കേസിന്റെ വിശദാംശങ്ങൾ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറും. വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകിയെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിവിധ കേസുകളിൽ പിടിച്ച വാഹനങ്ങൾ കണ്ട് വർക്ക്ഷോപ്പ് ആണെന്ന തെറ്റിദ്ധാരണയിലാണ് കുട്ടികൾ എക്സൈസ് ഓഫീസിലെത്തി തീ ചോദിച്ചത്. പിൻവശത്തുകൂടി കയറിയതിനാൽ ഓഫിസ് ബോർഡും ഇവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അകത്ത് യൂണിഫോമിലുള്ളവരെ കണ്ടതോടെ തീപ്പെട്ടി ചോദിച്ചവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞുനിർത്തി പരിശോധിച്ചതോടെ വിദ്യാർത്ഥികളുടെ കൈവശം ലഹരി വസ്തുക്കൾ ഉണ്ടെന്ന് മനസിലാവുക ആയിരുന്നു. ഒരു കുട്ടിയുടെ പക്കൽ നിന്ന് അഞ്ചു ഗ്രാം കഞ്ചാവും മറ്റൊരു കുട്ടിയുടെ കയ്യിൽനിന്ന് ഒരു ഗ്രാം ഹഷീഷ് ഓയിലും കണ്ടെടുത്തു. തുടർന്ന് കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ വിവരമറിയിച്ചു. അവർ കുട്ടികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here