വാടകവീട് ചോദിച്ചെത്തിയ അജ്ഞാതര്‍ വയോധികയെ കഴുത്തറത്ത് കൊന്നു; അടിമാലിയിലെ കൊലപാതകം മോഷണശ്രമത്തിനിടെ
ഇടുക്കി: അടിമാലിയിലെ വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. മോഷണശ്രമത്തിനിടെ കഴുത്തറത്ത് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പാലക്കാട് നിന്നും പിടികൂടി. കൊല്ലം കിളികൊല്ലൂർ സ്വദേശികളായ കെജെ അലക്സ്, കവിത എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.
ഇന്നലെ രാവിലെയാണ് കൊലപാതകം നടന്നത്. കുരിയൻസ്പടി സ്വദേശി ഫാത്തിമ കാസിം (70) ആണ് മരിച്ചത്. വൈകിട്ട് വീട്ടിലെത്തിയ മകനാണ് അമ്മയുടെ രക്തത്തില്‍ കുളിച്ച മൃതദേഹം കണ്ടത്. മൃതദേഹത്തിനു ചുറ്റും മുളകുപൊടി വിതറിയ നിലയിലായിരുന്നു.
പ്രതികള്‍ കഴിഞ്ഞ ദിവസം വീട് വാടകയ്ക്ക് ചോദിച്ച് ഫാത്തിമയുടെ വീട്ടില്‍ എത്തിയിരുന്നു. ഫാത്തിമയുടെ സ്വര്‍ണമാല അടക്കം നഷ്ടപ്പെട്ടതായി കണ്ടെത്തിയിരുന്നു. മോഷ്ടിച്ച മാല പ്രതികള്‍ അടിമാലിയിലെ സ്വര്‍ണക്കടയില്‍ വിറ്റശേഷമാണ് മടങ്ങിയത്. അജ്ഞാതര്‍ വാടകവീട് അന്വേഷിച്ച് പ്രദേശത്ത് കറങ്ങി നടന്ന വിവരം നാട്ടുകാര്‍ അറിയിച്ചതാണ് കേസില്‍ നിര്‍ണ്ണായകമായത്.
കൊലപാതകം ആസൂത്രിതമാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. തെളിവ് നശിപ്പിക്കാന്‍ മൃതദേഹത്തിന് ചുറ്റും മുളകുപൊടി വിതറിയതും വീട്ടിൽ ആരുമില്ലാത്ത സമയത്ത് കൃത്യം നടത്തിയതുമാണ് ഇങ്ങനൊരു സംശയത്തിലേക്ക് നീങ്ങുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here