ദിവ്യക്ക് എതിരെ നടപടി എടുക്കേണ്ടത് കണ്ണൂര്‍ സിപിഎം; എഡിഎമ്മിന്റെ കുടുംബത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കുമെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടറി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി.ദിവ്യ അറസ്റ്റിലായതിന് ശേഷം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു എഡിഎമ്മിന്റെ വീട്ടിലെത്തി. കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. എഡിഎമ്മിന്റെ മരണത്തില്‍ പി.പി.ദിവ്യക്ക് എതിരെ നടപടി സ്വീകരിക്കേണ്ടത് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആണെന്ന് ഉദയഭാനു പറഞ്ഞു.
“നവീന്‍ ബാബുവിന്റെ പോസ്റ്റുമോര്‍ട്ടം പ്രശ്നത്തില്‍ കുടുംബത്തിന്റെ സംശയങ്ങള്‍ ദുരീകരിക്കും. അത് എല്ലാം സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റ് ആണ് ചെയ്തത്. തനിക്ക് തെറ്റുപറ്റി എന്ന് നവീന്‍ ബാബു തന്നെ വന്നുകണ്ട് പറഞ്ഞിരുന്നുവെന്ന കളക്ടറുടെ മൊഴിയെക്കുറിച്ച് അറിയില്ല. കുടുംബത്തോടൊപ്പം തന്നെ നിലകൊള്ളും.” ഉദയഭാനു പറഞ്ഞു.
തന്റെ ചേംബറില്‍ വന്ന് തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞുവെന്ന് പോലീസിന് കൊടുത്ത മൊഴി ശരിവച്ചുകൊണ്ട് കണ്ണൂര്‍ കളക്ടര്‍ അരുണ്‍.കെ.വിജയന്‍ ഇന്ന് പ്രതികരിച്ചിരുന്നു. “സത്യം സത്യമായി പറയാന്‍ വേണ്ടിയാണ് പോലീസിന് മൊഴി നല്‍കിയത്. തന്റെ മൊഴി അന്വേഷണത്തിലെ പ്രധാന ഭാഗമായതിനാല്‍ ആ മൊഴി പുറത്തുപറയുന്നില്ല. വിധിയില്‍ താന്‍ പറഞ്ഞതായി പറയുന്ന ആ കാര്യം ശരിയാണ്.” – കളക്ടര്‍ പറഞ്ഞു.
എന്നാല്‍ കളക്ടറുടെ ഈ മൊഴി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. കൈക്കൂലി വാങ്ങിയെന്നോ മറ്റേതെങ്കിലും അഴിമതി നടത്തിയെന്നോ ഉള്ള കുറ്റസമ്മതമായി ഈ വാക്കുകള്‍ കണക്കാക്കാനാകില്ലെന്നാണ് കോടതി പറഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തന്റെ വാദങ്ങള്‍ക്ക് ശക്തി പകരാന്‍ വേണ്ടിയാണ് ദിവ്യ തന്റെ ഹര്‍ജിയില്‍ പോലീസിന് കളക്ടര്‍ നല്‍കിയ മൊഴി ചേര്‍ത്തിരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here