എപിപി അനീഷ്യയുടെ അതേ ഗതിയിൽ നവീൻ ബാബു കേസന്വേഷണവും; വേട്ടക്കാർക്ക് സുഖവാസം ഉറപ്പാക്കുന്ന അന്വേഷണ മാതൃക

കൊല്ലം പരവൂര്‍ കോടതിയിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എസ് അനീഷ്യ ആത്മഹത്യ ചെയ്ത കേസിൻ്റെ അന്വേഷണം വഴിമുട്ടിയപോലെയാണ് കണ്ണൂർ എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യക്കേസിൻ്റെയും നാൾവഴികൾ.

താൻ ആത്മഹത്യ ചെയ്യാൻ കാരണം എപിപി കെആർ ശ്യാംകൃഷ്ണ, ഡപ്യൂട്ടി ഡയറക്ടർ ഓഫ്‌ പ്രോസിക്യൂഷൻ പി എം അബ്ദുൽ ജലീൽ എന്നിവരാണെന്ന് ആത്മഹത്യാക്കുറിപ്പിലും സുഹൃത്തുക്കൾക്ക് അയച്ച ശബ്ദ സന്ദേശത്തിലും അനീഷ്യ വ്യക്തമാക്കിയിരുന്നു. ഈ വർഷം ജനുവരി 22നാണ് അനീഷ്യ വീട്ടിലെ ശുചിമുറിയിൽ ജീവനൊടുക്കിയത്. സിപിഎമ്മിൻ്റെ സംഘടനയിൽപ്പെട്ടവരാണ് പ്രതികളായ രണ്ടു പേരും. പ്രോസിക്യൂഷൻ ഡയറക്ടറേറ്റും പോലീസും ഒത്തുകളിച്ച് പ്രതികളെ നിയമത്തിൻ്റെ കുരുക്കിൽ നിന്ന് വിദഗ്ധമായി രക്ഷിച്ചെടുത്ത അതേ കളികളാണ് നവീൻ ബാബു കേസിലും പിന്തുടരുന്നത്.

തൊഴിൽ സ്ഥലത്തുണ്ടായ പ്രശ്നങ്ങളെയും സമ്മർദ്ദങ്ങളേയും കുറിച്ചുള്ള അനീഷ്യയുടെ ശബ്ദരേഖകളും സുഹൃത്തുക്കള്‍ പുറത്തുവിട്ടിരുന്നു. കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചു. ജോലി ചെയ്യാത്തവരെ പ്രോത്സാഹിപ്പിച്ചുവെന്നും ജോലി ചെയ്യുന്ന തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശബ്ദരേഖയില്‍ ആരോപിച്ചിരുന്നു. 55 പേജുള്ള ഡയറിക്കുറിപ്പിൽ സഹപ്രവർ ത്തകരുടെ പീഡനങ്ങളെ ക്കുറിച്ച് വിശദീകരിച്ചിരുന്നു. ആത്മഹത്യക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം കിട്ടുന്നതുവരെ അറസ്റ്റ് വൈകിപ്പിച്ചു. കാര്യമായ അന്വേഷണമൊന്നും നടത്താതെ കേസ് ഏതാണ്ട് അവസാനിപ്പിച്ച മട്ടാണ്. പ്രതികൾക്കെതിരെ നടത്തിയ വകുപ്പുതല അന്വേഷണവും വെറും വഴിപാടായി അവസാനിച്ചു.

നവീൻ ബാബുവിൻ്റെ മരണം നടന്ന് 10 ദിവസമായിട്ടും ഏക പ്രതിയായ പിപി ദിവ്യയെ അറസ്റ്റു ചെയ്യാനുള്ള ഒരു നീക്കവും നാളിതുവരെ പോലീസ് നടത്തിയിട്ടില്ല. പാർട്ടിയും സർക്കാരും എഡിഎമ്മിൻ്റെ കുടുംബത്തോടൊപ്പമാണെന്ന് പതിവ് പല്ലവി ആവർത്തിക്കുമ്പോഴാണ് ദിവ്യയെ നിയമത്തിൻ്റെ മുമ്പിൽ എത്തിക്കാതെ സംരക്ഷിച്ചു നിർത്തിയിരിക്കുന്നത്. അതിനു പിന്നില്‍ പാർട്ടിയും സർക്കാരുമാണെന്ന സത്യം പകൽ പോലെ വ്യക്തമാണ്.

ഒളിവിൽ പോയ ദിവ്യയെ കണ്ടെത്താൻ പോലീസ് നാളിതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ല. എഡിഎമ്മിനെതിരെ ഉയർന്ന വ്യാജ കൈക്കൂലി പരാതിയെ ക്കുറിച്ചുള്ള അന്വേഷണവും ചട്ടപ്പടിയാണ്. ഇരയോടൊപ്പമാണെന്ന് പുരപ്പുറത്ത് കയറി നിന്ന് പ്രഖ്യാപിക്കുന്ന സർക്കാരും സിപിഎമ്മും തന്നെ വേട്ടക്കാരെ ചേർത്തു പിടിക്കുന്നതിന്‍റെ ഉദാഹരണങ്ങളാണ് എപിപി അനീഷ്യയുടേയും എഡിഎം നവീൻ ബാബുവിന്റേയും ആത്മഹത്യാക്കേസുകൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top