കളക്ടര്‍ക്കെതിരെ ആരോപണങ്ങള്‍ കടുക്കുന്നു; അന്വേഷണ ചുമതലയില്‍ നിന്ന് നീക്കി സർക്കാർ
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് വഴിവച്ച സംഭവങ്ങളുടെ അന്വേഷണ ചുമതലയില്‍ നിന്ന് കളക്ടര്‍ അരുണ്‍ കെ വിജയനെ മാറ്റി സര്‍ക്കാര്‍. കളക്ടര്‍ക്കെതിരെ ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെയാണ് ഇത്തരമൊരു തീരുമാനമുണ്ടായിരിക്കുന്നത്. പെട്രോള്‍ പമ്പിനുള്ള അപേക്ഷയുടെ ഫയല്‍നീക്കം സംബന്ധിച്ചാണ് കളക്ടര്‍ അന്വേഷിച്ചിരുന്നത്. എന്നാല്‍ കളക്ടര്‍ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തതെന്ന് പിപി ദിവ്യ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് റവന്യൂ മന്ത്രി കെ.രാജന്റെ നിര്‍ദേശപ്രകാരം റവന്യു സെക്രട്ടറി ആന്വേഷണ ചുമതലയില്‍ നിന്നും നീക്കിയത്.
ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ ഗീതക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ആറു കാര്യങ്ങളാണ് വകുപ്പ് അന്വേഷിക്കുന്നത്. എഡിഎമ്മിന്റെ മരണത്തിലേക്കു നയിച്ച സംഭവവികാസങ്ങള്‍, പിപി ദിവ്യ ഉന്നയിച്ച ആരോപണങ്ങള്‍, ആരോപണങ്ങള്‍ തെളിയിക്കുന്നതിന് ദിവ്യ എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കിയിട്ടുണ്ടോ, പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതില്‍ കാലതാമസം ഉണ്ടായിട്ടുണ്ടോ, ഫയലില്‍ എന്തെങ്കിലും തെറ്റായ ഇടപെടല്‍ ഉണ്ടോ, അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് ആവശ്യമെന്നു തോന്നുന്ന മറ്റു കാര്യങ്ങള്‍ എന്നിവയാണ് അന്വേഷിക്കുന്നത്.
നവീന്‍ ബാബു കുറ്റക്കാരനല്ലെന്ന് കളക്ടര്‍ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 6 ദിവസം കൊണ്ടു തന്നെ എഡിഎം ഫയലില്‍ തീര്‍പ്പു വരുത്തിയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് റവന്യൂ മന്ത്രി ആവശ്യപ്പെട്ടിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here