ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകും; എതിര്‍ത്ത് കക്ഷിചേരാന്‍ നവീന്‍ ബാബുവിന്റെ കുടുംബം

എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായി റിമാൻഡിലായ മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക. നവീൻ ബാബുവിന്റെ കുടുംബം ജാമ്യാപേക്ഷയെ എതിർത്ത് കക്ഷി ചേരും. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി.

ദിവ്യക്ക് എതിരെ പാര്‍ട്ടി സംഘടനാ നടപടി ഉണ്ടോ എന്ന് വ്യക്തമാകും. കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരുന്നുണ്ട്. ദിവ്യക്ക് ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്ന് പറഞ്ഞ് കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടി കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് നാടകീയമായി ദിവ്യ പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. കരിങ്കൊടി പ്രകടനങ്ങള്‍ക്കും പ്രതിഷേധത്തിനും ഇടയിലൂടെയാണ് ദിവ്യയെ പോലീസ് മജിസ്ട്രേട്ടിന്‍റെ വസതിക്ക് മുന്നില്‍ എത്തിച്ചത്.

ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ എത്തിയതെന്ന ദിവ്യയുടെ വാദം കോടതി തള്ളിക്കളഞ്ഞു. ക്ഷണിക്കാത്ത സ്വകാര്യ ചടങ്ങിൽ വീഡിയോഗ്രാഫറുമായാണ് ദിവ്യ എത്തിയത്. ഇത് എഡിഎമ്മിനെ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ്. ദിവ്യയുടെ പ്രവൃത്തി ദുരുദ്ദേശപരമാണ്. അതിനാലാണ് നവീന്റെ ജന്മദേശമായ പത്തനംതിട്ടയിലും വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. യാത്രയയപ്പ് ചടങ്ങിലെ ദിവ്യയുടെ പ്രസംഗവും പിന്നീട് നടന്ന സംഭവങ്ങളുമാണ് എഡിഎമ്മിന്റെ ആത്മഹത്യക്ക് ഇടയാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top