ദിവ്യക്ക് എതിരെ കര്‍ശന നടപടി എന്ന് മുഖ്യമന്ത്രി; എഡിഎമ്മിന്റെ ആത്മഹത്യയില്‍ മൗനം വെടിയുന്നു
എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി. മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. പൊലീസ് അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കുമെന്നും ഒരു തരത്തിലുള്ള ഇടപെടലും സർക്കാർ നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊലീസ് റിപ്പോർട്ടിന് ശേഷം കൂടുതൽ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഇടതുമുന്നണി യോഗത്തിലാണ് പ്രതികരണം.
നവീന്‍ ബാബുവിന്റെ മരണത്തിലുള്ള മുഖ്യമന്ത്രിയുടെ നിശബ്ദതയും ദിവ്യയെ ചോദ്യം ചെയ്യാതെയുള്ള പോലീസ് ഒളിച്ചുകളിയും വ്യാപകമായ വിമര്‍ശനത്തിനു ഇടവരുത്തിയിരുന്നു. സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ദിവ്യയുടെ അധിക്ഷേപമാണോ എഡിഎമ്മിന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയത് എന്ന സംശയവും പോലീസ് ഉന്നയിച്ചിരുന്നു. കുറ്റക്കാരെ രക്ഷിക്കലാണോ അതോ എഡിഎമ്മിന്റെ ആത്മഹത്യയ്ക്ക് പിന്നിലുള്ളവരെ പിടികൂടുകയാണോ പോലീസിന്റെ ലക്ഷ്യം എന്ന സംശയമാണ് ജീവനക്കാര്‍ ഉയര്‍ത്തിയത്. ഈ ഘട്ടത്തിലാണ് മൗനം വെടിഞ്ഞ് മുഖ്യമന്ത്രി രംഗത്ത് എത്തിയത്.
Also Read: ദിവ്യയുടെ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ച പരിഗണിക്കും; സംരക്ഷണം നല്‍കി പോലീസും
ദിവ്യക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പത്ത് വർഷം വരെ തടവും ലഭിക്കാം. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here