പരാതിക്കാരൻ പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങില്ല; എഡിഎം നവീൻ ബാബു കളവ് ചെയ്യില്ലെന്ന് ആരോഗ്യ മന്ത്രി
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പരാതിക്കാരൻ പ്രശാന്തനെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്നും പ്രശാന്തനെ ഒഴിവാക്കും. താൽക്കാലിക ജീവനക്കാരനായ ഇയാളെ സ്ഥിരപ്പെടുത്തില്ലെന്നും വീണ ജോർജ് അറിയിച്ചു.
പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങില്ല. ഇങ്ങനെയൊരാൾ വകുപ്പിൽ ജോലിയിൽ വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനമെന്നും മന്ത്രി അറിയിച്ചു. പ്രശാന്തനെ പുറത്താക്കുന്നതിൽ നിയമോപദേശം തേടിയിട്ടുണ്ട്. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി കണ്ണൂരിലെത്തി വീണ്ടും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
പെട്രോൾ പമ്പിന്റെ അപേക്ഷകൻ പ്രശാന്തൻ ആണോ എന്ന് അറിയില്ല. സംഭവത്തിന് ശേഷം അയാൾ ജോലിക്ക് എത്തുന്നില്ല. വിദ്യാർത്ഥി കാലം മുതൽ തനിക്ക് അറിയാവുന്ന വ്യക്തിയാണ് നവീൻ ബാബു. കളവ് ചെയ്യില്ലെന്ന് ഉറപ്പാണ്. നവീന്റെ കുടുംബത്തോട് നീതി പുലർത്തും.നവീൻ ബാബുവിന്റെ കാര്യത്തിൽ രണ്ട് അഭിപ്രായം ഇല്ല. പാർട്ടി സെക്രട്ടറി എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട് എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്നായിരുന്നു പരാതിക്കാരനായ പ്രശാന്തൻ്റെ ആരോപണം. എൻഒസി നൽകാൻ എഡിഎം ഒരു ലക്ഷം രൂപ ചോദിച്ചെന്നും 98,500 രൂപ നൽകിയെന്നുമാണ് ഇയാൾ പരാതിയിൽ പറയുന്നത്. കണ്ണൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിനെ ഒക്ടോബർ പതിനഞ്ചിന് രാവിലെയാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പിപി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു ആത്മഹത്യ. പെട്രോൾ പമ്പിന് എൻഒസി നൽകാൻ എഡിഎം വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നാണ് തലേ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യ ആരോപിച്ചത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും രണ്ടുദിവസത്തിനകം അത് പുറത്തുവിടുമെന്നുമായിരുന്നു അവർ പറഞ്ഞത്. പിന്നാലെ തൊട്ടടുത്ത ദിവസം തൂങ്ങി മരിച്ച നിലയിൽ നവീൻ ബാബുവിനെ കണ്ടെത്തുകയായിരുന്നു. യാത്രയയപ്പു സമയത്ത് ധരിച്ചിരുന്ന അതേ വേഷത്തിലായിരുന്നു എഡിഎം ആത്മഹത്യ ചെയ്തത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here- adm naveen babu
- adm naveen babu suicide
- adm naveen suicide
- Complainant Prasanthan
- kannur adm naveen babu
- Kerala Health department Kerala Health minister Veena George Kozhikode medical College
- Kerala Health minister Veena George
- naveen babu
- Naveen Babu found dead
- naveen babu suicide
- naveen suicide
- pp divya allegation naveen babu
- Veena George