എഡിഎമ്മിന്റെ മരണത്തില്‍ കളക്ടര്‍ക്ക് മുഖ്യ പങ്കെന്ന് സിപിഎം നേതാവ്; യാത്രയയപ്പ് ചടങ്ങിന് പിന്നില്‍ അരുണ്‍ കെ.വിജയനെന്നും ആരോപണം

എഡിഎം നവീന്‍ ബാബുവിന്റെ ജീവനൊടുക്കലില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍.കെ.വിജയനെ പ്രതിക്കൂട്ടിലാക്കി സിപിഎം നേതാവ്. പത്തനംതിട്ടയിലെ മലയാലപ്പുഴ മോഹനനാണ് കളക്ടറെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്.
കളക്ടര്‍ ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തിന് പോയത് എന്നാണ് കണ്ണൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞത്. വെള്ളിയാഴ്ച തന്നെ കണ്ണൂരില്‍ നിന്നും മടങ്ങാന്‍ എഡിഎം തീരുമാനിച്ചതാണ്. കളക്ടര്‍ തടഞ്ഞതുകൊണ്ടാണ് പത്തനംതിട്ടയിലേക്കുള്ള മടക്കം വൈകിയത്.പകരം ആള്‍ വരാതെ പോകരുതെന്ന് കളക്ടര്‍ പറഞ്ഞു. – മോഹനന്‍ പറഞ്ഞു.
“യാത്രയയപ്പ് വേണ്ടെന്ന് എഡിഎം പറഞ്ഞപ്പോള്‍ അതിനും നിര്‍ബന്ധിച്ചത് കളക്ടര്‍ ആണ്. രാവിലത്തെ ചടങ്ങ് ഒരു കാരണവുമില്ലാതെ വൈകീട്ടത്തേക്ക് മാറ്റി. രണ്ടുപേര്‍ക്കും അസൗകര്യം ഇല്ലാതിരുന്നിട്ടും എന്തിനാണ് മാറ്റിവച്ചത്? എഡിഎമ്മിന്റെ ട്രാന്‍സ്ഫര്‍ തടഞ്ഞത് തന്നെ കളക്ടര്‍ ആണ്. ഇത് നേരിട്ട് എനിക്ക് അറിയാവുന്ന കാര്യമാണ്.”
“കണ്ണൂര്‍ ചെങ്ങളായിലെ പെട്രോള്‍ പമ്പിനു എന്‍ഒസി നല്‍കുന്ന ഫയലില്‍ ഒന്‍പതാം തീയതി എഡിഎം ഒപ്പിട്ടു. പത്താം തീയതിയാണ് എഡിഎമ്മിനെതിരെ പരാതി മുഖ്യമന്ത്രിക്ക് നല്‍കുന്നത്. പരാതി തന്നെ വ്യാജമാണ്. ഇതില്‍ ഗൂഡാലോചനയുണ്ട്.” – മോഹനന്‍ പറഞ്ഞു.
അതേസമയം എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ചുമതലയില്‍ നിന്നും കണ്ണൂര്‍ കളക്ടറെ മാറ്റി. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ. ഗീതയ്ക്കാണ് അന്വേഷണ ചുമതല നല്‍കിയത്.
എഡിഎമ്മിന്റെ മരണത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ ഒളിവിലാണ്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയതിന് ശേഷമാണ് ദിവ്യ ഒളിവില്‍ പോയത്. അതുകൊണ്ട് തന്നെ ദിവ്യയെ ചോദ്യം ചെയ്യാനുള്ള പോലീസിന്റെ ശ്രമം വിജയിച്ചില്ല. എഡിഎമ്മിന്റെ മരണം വിവാദമായതോടെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ദിവ്യയെ നീക്കി സിപിഎം നടപടി എടുത്തിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ എഡിഎമ്മിനെ അവഹേളിച്ച് സംസാരിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിനു ആദ്യം എന്‍ഒസി നല്‍കാതിരുന്ന എഡിഎം സ്ഥലംമാറ്റത്തിന് തൊട്ടുമുന്‍പ് എങ്ങനെയാണ് എന്‍ഒസി നല്‍കിയത് എന്ന് തനിക്കറിയാം എന്നാണ് ദിവ്യ പറഞ്ഞത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തും എന്നും പറഞ്ഞിരുന്നു. ഈ പരിപാടി കഴിഞ്ഞാണ് ക്വാര്‍ട്ടേഴ്സില്‍ നവീന്‍ ബാബുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. മരണത്തിലുള്ള പ്രതിപക്ഷ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here