ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി; നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്ന് ദിവ്യ

എഡിഎം നവീന്‍ ബാബുവിന്റെ ജീവനൊടുക്കലിനെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ നീക്കി. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റിയത്. രാജി വയ്ക്കുന്നുവെന്ന് പി.പി.ദിവ്യയും അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ.രത്‌നകുമാരിയെ പരിഗണിക്കാന്നാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചത്.

നിയമവഴിയിലൂടെ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്ന് ദിവ്യ പറഞ്ഞു. ദിവ്യക്ക് എതിരെ വന്‍ പ്രതിഷേധം തുടരുന്നതിനിടയിലാണ് നടപടി. ഇന്ന് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ദിവ്യക്ക് എതിരെ കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തിരുന്നു.

എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ കയറിച്ചെന്ന് ദിവ്യ അഴിമതിയാരോപണം ഉന്നയിക്കുകയും അവഹേളിക്കുകയും ചെയ്തിരുന്നു. കണ്ണൂർ ചെങ്ങളായിയിൽ പെട്രോള്‍ പമ്പിനു എന്‍ഒസി നല്‍കാന്‍ വൈകിയെന്നും എങ്ങനെയാണ് നവീന്‍ ബാബു എന്‍ഒസി നല്‍കിയത് എന്ന് അറിയാമെന്നുമാണ് ദിവ്യ പറഞ്ഞത്. വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തും എന്ന് ഭീഷണി മുഴക്കിയാണ് ചടങ്ങിനിടെ ദിവ്യ പുറത്തേക്ക് പോയത്. ഈ സംഭവത്തിനു ശേഷം നവീൻ ബാബു തന്റെ ക്വാർട്ടേഴ്സിലെത്തി ജീവനൊടുക്കുകയായിരുന്നു. എഡിഎമ്മിന്റെ മരണം സിപിഎമ്മിനെയും സര്‍ക്കാരിനെയും പിടിച്ചുകുലുക്കിയ വിവാദമായി മാറി.

നവീന്‍ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ടയിലെ വീട്ടില്‍ നടന്നു. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും അടക്കം വന്‍ ജനാവലിയാണ് പത്തനംതിട്ടയിലെ വീട്ടില്‍ എത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top