ദിവ്യക്കുള്ള പാര്‍ട്ടി സംരക്ഷണം തുടരുന്നു; എഡിഎമ്മിന്റെ മരണം കഴിഞ്ഞ് 11-ാം ദിവസവും ദിവ്യ കാണാമറയത്ത്
കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കുള്ള പാര്‍ട്ടി സംരക്ഷണം തുടരുന്നു. മുൻകൂർ ജാമ്യഹർജിയിൽ ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് പോലീസ്. എഡിഎമ്മിന്റെ മരണം കഴിഞ്ഞ് 11 ദിവസമായെങ്കിലും ഒളിച്ചുകളി പോലീസ് തുടരുകയാണ്. ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യഹര്‍ജിയില്‍ പറയുന്നത്. മുൻകൂർ ജാമ്യത്തിൽ തീരുമാനം വരും വരെ പോലീസിന് മുന്നില്‍ എത്തില്ലെന്നാണ് തീരുമാനമെന്നുള്ള വിവരവും പുറത്തുവന്നിരുന്നു.
കേസില്‍ ആദ്യം ചോദ്യം ചെയ്യേണ്ടിയിരുന്ന ദിവ്യയെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. എന്നാല്‍ കളക്ടര്‍, പെട്രോള്‍ പമ്പ് സംരംഭകന്‍ പ്രശാന്തന്‍ എന്നിവരുടെയും റവന്യൂ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തിന് ഒപ്പമെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയെങ്കിലും കണ്ണൂരെ സംരക്ഷണം ദിവ്യക്ക് തന്നെയാണെന്ന് പോലീസ് നിലപാടോടെ വ്യക്തമാവുകയാണ്.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഇന്നലെ ദിവ്യ ചികിത്സ തേടിയെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ബന്ധുവീട്ടില്‍നിന്ന് ഒരു രഹസ്യകേന്ദ്രത്തിലേക്കു മാറിയിട്ടുണ്ട്. ദിവ്യയുടെ പ്രശ്നത്തില്‍ കോടതി വിധി വന്ന ശേഷമാകും കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നീക്കങ്ങളും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here