ദിവ്യ മുന്‍‌കൂര്‍ ജാമ്യഹര്‍ജി നല്‍കി; ജില്ലാ കളക്ടര്‍ ക്ഷണിച്ചിട്ടാണ് യോഗത്തിനു എത്തിയത് എന്ന് ഹര്‍ജിയില്‍ പരാമര്‍ശം

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിയായ കണ്ണൂർ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് പി.പി.ദിവ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ദിവ്യ ഹര്‍ജിയില്‍ പറയുന്നു.

ഡെപ്യൂട്ടി കളക്ടറാണ് സംസാരിക്കാന്‍ ക്ഷണിച്ചത്. തന്‍റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ജാമ്യ ഹര്‍ജിയിലുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് ദിവ്യക്ക് എതിരെ ചുമത്തിയത്. കോടതി നാളെ ജാമ്യഹര്‍ജി പരിഗണിച്ചേക്കും. അറസ്റ്റിനുള്ള സാധ്യതയുള്ളതിനാലാണ് മുന്‍‌കൂര്‍ ജാമ്യഹര്‍ജി നല്‍കിയത്.

മറ്റൊരു പരിപാടിയില്‍ സംബന്ധിക്കുമ്പോഴാണ് യാത്രയയപ്പിന്റെ കാര്യം കളക്ടര്‍ പറഞ്ഞത്. അഴിമതി ആരോപണം വന്നപ്പോള്‍ സദുദ്ദേശ്യത്തോടെയാണ് അത് ശ്രദ്ധയില്‍പ്പെടുത്തിയത്. ഫയലുകള്‍ വെച്ചു താമസിപ്പിക്കുന്നു എന്ന് പരാതി നേരത്തെയും നവീനെതിരെയുണ്ട്. അന്വേഷണത്തില്‍ നിന്ന് താന്‍ ഒളിച്ചോടില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ ഉള്ളത്. എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തിലെ പ്രസംഗം തെളിവായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പപേക്ഷിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ കത്ത് നല്‍കിയിട്ടുണ്ട്. നവീന്റെ വീട്ടില്‍ പത്തനംതിട്ട സബ് കളക്ടര്‍ നേരിട്ടെത്തിയാണ് സീല്‍ ചെയ്ത കവറില്‍ കത്ത് കൈമാറിയത്.

എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ കയറിച്ചെന്ന് ദിവ്യ അഴിമതിയാരോപണം ഉന്നയിക്കുകയും അവഹേളിക്കുകയും ചെയ്തിരുന്നു. കണ്ണൂർ ചെങ്ങളായിയിൽ പെട്രോള്‍ പമ്പിനു എന്‍ഒസി നല്‍കാന്‍ വൈകിയെന്നും എങ്ങനെയാണ് നവീന്‍ ബാബു എന്‍ഒസി നല്‍കിയത് എന്ന് അറിയാമെന്നുമാണ് ദിവ്യ പറഞ്ഞത്. വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തും എന്ന് ഭീഷണി മുഴക്കിയാണ് ചടങ്ങിനിടെ ദിവ്യ പുറത്തേക്ക് പോയത്. ഈ സംഭവത്തിനു ശേഷമാണ് നവീൻ ബാബുവിനെ ക്വാർട്ടേഴ്സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടത്. എഡിഎമ്മിന്റെ മരണം സിപിഎമ്മിനെയും സര്‍ക്കാരിനെയും പിടിച്ചുകുലുക്കിയ വിവാദമായാണ് മാറിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top