ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി വെള്ളിയാഴ്ച
കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായ സിപിഎം നേതാവ് പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച. തലശ്ശേരി സെഷന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. ശക്തമായ വാദങ്ങള്‍ ആണ് കോടതിയില്‍ നടന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചപ്പോള്‍ കുറ്റം നിലനില്ക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ദിവ്യക്ക് ജാമ്യം നല്‍കരുതെന്നും ആവശ്യപ്പെട്ടു. കളക്ടറുടെ മൊഴിയില്‍ അടക്കം സംശയം പ്രകടിപ്പിച്ചാണ് നവീന്‍ ബാബുവിന്റെ കുടുംബം വാദിച്ചത്.
അന്വേഷണ സംഘത്തിന്റെ അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ജോണ്‍.കെ.റാള്‍ഫ് പറഞ്ഞു. അന്വേഷണം നിരീക്ഷിച്ചശേഷം ആവശ്യമെങ്കില്‍ സിബിഐ അന്വേഷണത്തിനു ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറുടെ മൊഴിയില്‍ ഗൂഡാലോചന ഉണ്ടോ എന്ന് പരിശോധിക്കണം. എഡിഎമ്മിന്റെ ഫോണ്‍ രേഖകളുടെ വിശദാംശങ്ങള്‍ എടുക്കണം. അത് പരിശോധിക്കുകയും വേണം. എഡിഎം കൈക്കൂലി വാങ്ങി എന്ന പ്രശാന്തിന്റെ പരാതി കള്ളപ്പരാതിയാണ്. – ജോണ്‍.കെ.റാള്‍ഫ് പറഞ്ഞു.
യാത്രയയപ്പ് യോഗത്തില്‍ ദിവ്യയുടെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നാണ് പ്രതിഭാഗം കോടതിയില്‍ പറഞ്ഞത്. ആ പ്രസംഗം എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന് കരുതിയില്ലെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എഡിഎമ്മിന് മനപ്രയാസം ഉണ്ടാക്കാന്‍ വിചാരിച്ചിരുന്നില്ല. ഉദ്ദേശ്യമില്ലാതെ ചെയ്ത കുറ്റമാണിത്. അതിനാല്‍ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദങ്ങള്‍ അപ്പാടെ തള്ളിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുന്നുവെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ ശക്തിയുക്തം വാദിച്ചു.
ചെങ്ങളായി പെട്രോള്‍ പമ്പിനുവേണ്ടി എഡിഎമ്മിന് പണം നല്‍കിയിട്ടുണ്ട് എന്ന് എന്‍ഒസിക്ക് അപേക്ഷിച്ച പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ട്. കൈക്കൂലി ആരോപണം ഉന്നയിച്ചതിനാലാണ് പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത് എന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി. പി.പി.ദിവ്യയുടെ കൈക്കൂലി ആരോപണത്തെ ശരിവയ്ക്കുന്നതാണ് പ്രശാന്തിന്റെ മൊഴി. പ്രശാന്തിന്റെയും നവീന്‍ ബാബുവിന്റെയും ഫോണ്‍ രേഖകള്‍ ഇതിന് തെളിവായി. കഴിഞ്ഞ മാസം ആറാം തീയതിയാണ് ഇവര്‍ സംസാരിച്ചത്. അന്നേ ദിവസം കൈക്കൂലി നല്‍കി എന്നാണ് പ്രശാന്ത് മൊഴി നല്‍കിയത്. ഈ രേഖകള്‍ കോടതിയില്‍ നല്‍കി. കോടതിയുടെ വിധിയാണ് ഉറ്റുനോക്കപ്പെടുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here