പ്രശാന്തിന്റെ ഫോണ്‍ രേഖകളും കൈക്കൂലി ആരോപണവും ഉയര്‍ത്തി ദിവ്യയുടെ വാദം; യാത്രയയപ്പ് ചടങ്ങിലെ പ്രസംഗം തെറ്റായിപ്പോയെന്നും പ്രതിഭാഗം
കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന്റെ മരണത്തില്‍ പ്രതിയായ സിപിഎം നേതാവ് പി.പി.ദിവ്യയുടെ ജാമ്യാപേക്ഷയില്‍ ശക്തമായ വാദങ്ങള്‍. യാത്രയയപ്പ് യോഗത്തില്‍ ദിവ്യയുടെ സംസാരം ഒഴിവാക്കേണ്ടതായിരുന്നു എന്നാണ് പ്രതിഭാഗം കോടതിയില്‍ സമ്മതിച്ചത്.
യോഗത്തിലെ പരാമര്‍ശങ്ങള്‍ തെറ്റായിപ്പോയി. എന്നാല്‍ ആ പ്രസംഗം എഡിഎമ്മിനെ ആത്മഹത്യയിലേക്ക് നയിക്കുമെന്ന് കരുതിയില്ലെന്നും പ്രതിഭാഗം വാദിച്ചു. എഡിഎമ്മിന് മനപ്രയാസം ഉണ്ടാക്കാന്‍ വിചാരിച്ചിരുന്നില്ല. ഉദ്ദേശ്യമില്ലാതെ ചെയ്ത കുറ്റമാണിത്. അതിനാല്‍ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ല.
Also Read: ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് വാദം; റിമാന്‍ഡിലായിട്ട് ഒരാഴ്ച
ചെങ്ങളായി പെട്രോള്‍ പമ്പിനുവേണ്ടി എഡിഎമ്മിന് പണം നല്‍കിയിട്ടുണ്ട് എന്ന് എന്‍ഒസിക്ക് അപേക്ഷിച്ച പ്രശാന്ത് മൊഴി നല്‍കിയിട്ടുണ്ട്. കൈക്കൂലി ആരോപണം ഉന്നയിച്ചതിനാലാണ് പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത് എന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി.
ദിവ്യയുടെ കൈക്കൂലി ആരോപണത്തെ ശരിവയ്ക്കുന്നതാണ് പ്രശാന്തിന്റെ മൊഴി. പ്രശാന്തിന്റെയും നവീന്‍ ബാബുവിന്റെയും ഫോണ്‍ രേഖകള്‍ ഇതിന് തെളിവായി. കഴിഞ്ഞ മാസം ആറാം തീയതിയാണ് ഇവര്‍ സംസാരിച്ചത്. അന്നേ ദിവസം കൈക്കൂലി നല്‍കി എന്നാണ് പ്രശാന്ത് മൊഴി നല്‍കിയത്. ഈ രേഖകള്‍ കോടതിയില്‍ നല്‍കി. പ്രതിഭാഗം പറഞ്ഞു. ഇനി പ്രോസിക്യൂഷന്‍ വാദം നടക്കേണ്ടതുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here