കളക്ടറുടെ കത്ത് ചവറ്റുകൊട്ടയില്‍ എറിഞ്ഞ് നവീന്റെ കുടുംബം; കുമ്പസാരം കേള്‍ക്കേണ്ടെന്ന് ബന്ധുക്കള്‍
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ച് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍ അയച്ച കത്ത് തള്ളി കുടുംബം. കളക്ടറുടെ കുമ്പസാരം കേള്‍ക്കേണ്ടെന്നാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ നിലപാട്. യാത്രയയപ്പ് ചടങ്ങില്‍ കടുത്ത വിമര്‍ശനവും അഴിമതിക്കാരനാക്കി അപമാനിക്കലും പിപി ദിവ്യ നടത്തിയപ്പോള്‍ മൗനം പാലിച്ച കളക്ടര്‍ ഇങ്ങനെ ഒരു കത്ത് അയക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. കണ്ണൂരില്‍ ജോലി ചെയ്ത സമയത്ത് കടുത്ത മാനസിക സമ്മര്‍ദം കളക്ടറില്‍ നിന്നും നവീന്‍ അനുഭവിച്ചിരുന്നതായി കുടുംബം പോലീസില്‍ മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.
കലക്ടര്‍ – എഡിഎം ബന്ധം സൗഹാര്‍ദപരം ആയിരുന്നില്ല. എപ്പോഴും പ്രതികാര ബുദ്ധിയോടെയാണ് കളക്ടര്‍ പെരുമാറിയത്. അവധി നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതല്‍ നല്‍കുന്നത് കളക്ടര്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചു. യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കളക്ടര്‍ ക്ഷണിച്ചിട്ടാണെന്ന പിപി ദിവ്യയുടെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ ഗൂഢാലോചന വ്യക്തമായതായും കുടുംബം മൊഴി നല്‍കിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നെത്തിയ പോലീസ് സംഘമാണ് കുടുംബത്തിന്റെ മൊഴി വിശദമായി രേഖപ്പെടുത്തിയത്.
കളക്ടറുമായുള്ള അഭിപ്രായ വ്യത്യാസം നവീന്‍ കുടുംബത്തേയും അറിയിച്ചിരുന്നു. കളക്ടര്‍ എത്തുന്നത് കുടുംബം വിലക്കിയതും അതുകൊണ്ട് തന്നെയാണ്. സംസ്‌കാര ചടങ്ങില്‍ എത്തിയാല്‍ പ്രതിഷേധം ഉണ്ടാകുമെന്ന് മനസിലാക്കിയാണ് കളക്ടര്‍ വിട്ടു നിന്നത്. അതിനാലാണ് മൃതദേഹത്തെ കണ്ണൂരില്‍ നിന്ന് അനുഗമിച്ച് പത്തനംതിട്ടയില്‍ എത്തിയ കളക്ടര്‍ വീട്ടിലേക്ക് എത്താതെ മടങ്ങിയതും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here