കൊലച്ചിരിയായത് ഈ ചിരി തന്നെ; യാത്രയയപ്പ് യോഗത്തില്‍ ദിവ്യയെ എഡിഎം സ്വീകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ ജാമ്യഹര്‍ജി നാളെ കോടതി പരിഗണിക്കാനിരിക്കെ വിവാദ യാത്രയയപ്പ് ചടങ്ങിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. നവീന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് ദിവ്യ എത്തുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. നവീന്‍ ബാബു ഇരിക്കുന്ന ആ സ്ഥലത്തുകൂടിയാണ് ദിവ്യ വേദിയിലേക്ക് നീങ്ങുന്നത്. നവീന്‍ ബാബുവിന് അടുത്ത് എത്തിയപ്പോള്‍ അദ്ദേഹം കസേരയില്‍ നിന്നും എഴുന്നേല്‍ക്കുകയും ദിവ്യയോട് ചിരിക്കുകയും ചെയ്യുന്നുണ്ട്. കളക്ടര്‍ അരുണ്‍.കെ.വിജയനും ചിരിക്കുന്നുണ്ട്.
കളക്ടര്‍ക്ക് അടുത്തായി ദിവ്യ ഇരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അതിനുശേഷം ദിവ്യയുടെ പ്രസംഗം തുടങ്ങിയപ്പോഴാണ് എഡിഎമ്മിന്റെ ചിരി മായുന്നതും അദ്ദേഹം അസ്വസ്ഥനാകുന്നതും. പെട്രോള്‍ പമ്പിനു എങ്ങനെയാണ് എഡിഎം എന്‍ഒസി നല്‍കിയത് എന്ന് തനിക്ക് അറിയാമെന്നും വിവരങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തും എന്നുമാണ് ദിവ്യ പറഞ്ഞത്. ഈ പ്രസംഗത്തിന ശേഷമാണ് ക്വാര്‍ട്ടേഴ്സില്‍ അദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.
നാളെയാണ് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശ്ശേരി സെഷന്‍സ് കോടതി പരിഗണിക്കുന്നത്. എഡിഎമ്മിന്റെ മരണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇതുവരെ പോലീസ് ദിവ്യയെ ചോദ്യം ചെയ്തിട്ടില്ല. ജാമ്യാപേക്ഷയിലെ വിധി അനുസരിച്ചാകും പോലീസ് നീക്കം. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഒഴിവാക്കുക എന്ന നടപടി മാത്രമാണ് സിപിഎം സ്വീകരിച്ചത്. പാര്‍ട്ടി നല്‍കിയ സുരക്ഷിതത്വത്തിന് കീഴിലാണ് ദിവ്യ ഇപ്പോള്‍ ഉള്ളത്.
ദിവ്യ പഞ്ചായത്ത് അംഗത്വം രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ ഇന്ന് പ്രമേയം പാസാക്കാന്‍ യുഡിഎഫ് ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല. തുടര്‍ന്ന് വലിയ യുഡിഎഫ് പ്രതിഷേധമാണ് ജില്ലാ പഞ്ചായത്തില്‍ ഇന്ന് നടന്നത്.
ദിവ്യയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ പോലീസ് കമ്മിഷണര്‍ ഓഫീസിലേക്ക് ബിജെപി ഇന്ന് മാര്‍ച്ച് നടത്തി.
പോലീസും ബിജെപി പ്രവര്‍ത്തകരും തെരുവില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകരെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here