‘ചതിയില്‍ വഞ്ചന കാണിച്ച പാര്‍ട്ടി”; സിപിഎമ്മിനെ പൂര്‍ണമായി തളളിപ്പറഞ്ഞ് നവീന്‍ ബാബുവിന്റെ കുടുംബം

‘സിപിഎമ്മില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല നിയമപോരാട്ടവുമായി മുന്നോട്ട് പോകും. സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കും. നവീന്‍ ബാബുവിന്റെ മരണത്തില്‍ മുഖ്യപ്രതി ടിവി പ്രശാന്ത് ആണ്, അയാളെ പ്രതി ചേര്‍ത്തിട്ടില്ല’ കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണിവ. നവീന്‍ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ഐഎഎസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് മഞ്ജുഷ മാധ്യമങ്ങളെ കണ്ടത്. 2024 ഒക്ടോബര്‍ 15ന് കണ്ണൂര്‍ പളളിക്കുന്നിലെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ നവീനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പാര്‍ട്ടിയും സര്‍ക്കാരും നവീന്‍ ബാബുവിന്റെ കുടുംബത്തിനോടൊപ്പം ആണെന്ന് സിപിഎം നേതാക്കളുടെ വായ്ത്താരികളെ കുടുംബം പൂര്‍ണമായും തള്ളുകയാണ്. ഇരയോടൊപ്പമാണെന്ന് പറയുകയും വേട്ടക്കാരനെ സംരക്ഷിക്കുകയും ചെയ്യുന്ന പാര്‍ട്ടിയുടെ ഡബിള്‍ റോളിനെയാണ് നവീന്‍ ബാബുവിന്റെ ഭാര്യ തുറന്ന് കാണിക്കുന്നത്. തുടക്കം മുതലേ പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് പ്രകടമായിരുന്നു. നവീന്‍ ബാബുവിന്റെ ചോരയുടെ മണം പാര്‍ട്ടിയുടെ കൈകളില്‍ പതിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം ഉറച്ചു വിശ്വസിക്കുന്നതിന്റെ ബഹിര്‍സ്ഫുരണങ്ങളാണ് മഞ്ജുഷയുടെ വാക്കുകളിലൂടെ പുറത്ത് വന്നത്.
കണ്ണൂര്‍ കലക്ടറേറ്റില്‍ നവീന്‍ ബാബുവിന് സ്റ്റാഫ് കൗണ്‍സില്‍ നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ എഡിഎമ്മിനെ പരസ്യമായി അപമാനിക്കാന്‍ പിപി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായിട്ടാണ് മൊഴികളെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. നവീന്‍ബാബുവിന്റ മരണത്തെകുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ ഗൂഢാലോചനയുടെ നാള്‍വഴികള്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കലക്ടറുടെ സ്റ്റാഫിനെ വിളിച്ചു. പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും വീഡിയോ കൈപ്പറ്റിയതും ദിവ്യയെന്നാണ് കണ്ണൂര്‍ വിഷന്‍ പ്രതിനിധികളുടെ മൊഴിയുണ്ട്. ഇത്രയേറെ ആസൂത്രണം നടത്തിയിട്ടും ‘വഴിയെ പോകുമ്പോള്‍ പരിപാടിക്കെത്തി’ എന്നായിരുന്നു ദിവ്യയുടെ പ്രസംഗത്തിലെ ആദ്യ വാചകം. ചടങ്ങിലേക്ക് ദിവ്യയെ ആരും ക്ഷണിച്ചിരുന്നില്ലെന്ന് അവരുടെ പ്രസംഗത്തിലെ ആദ്യ വാചകത്തില്‍ നിന്ന് വ്യക്തമാണെന്നും ഗീത ഐഎഎസ് തന്റെ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.

പെട്രോള്‍ പമ്പ് അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവുമില്ലെന്നാണ് റിപ്പോര്‍ട്ടിലെ മറ്റൊരു സുപ്രധാന കണ്ടെത്തല്‍. മൂന്ന് പതിറ്റാണ്ട് നീണ്ട സര്‍വീസ് ജീവിതത്തിലുടനീളം അഴിമതിയുടെ കറ പുരളാത്ത ഉദ്യോഗസ്ഥനെ കരുതിക്കൂട്ടി അപമാനിച്ച് മരണത്തിലേക്ക് തള്ളിവിട്ടു എന്നാണ് കുടുംബം വിശ്വസിക്കുന്നത്. അതുകൊണ്ടാവാം സിപിഎമ്മില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് ആ കൂടുംബം തുറന്ന് പറഞ്ഞത്. പാര്‍ട്ടി സമ്മേളന കാലത്താണ് നവീന്‍ ബാബുവിന്റെ ഭാര്യയുടെ തുറന്ന് പറച്ചില്‍ എന്ന പ്രത്യേകതയുമുണ്ട്.
നവീന്‍ ബാബുവിന്റേത് പാര്‍ട്ടി കുടുംബമായിരുന്നു. നവീനും ഭാര്യ മഞ്ജുവും ഇടത് അനുകൂല ഓഫിസര്‍മാരുടെ സംഘടനയില്‍ അംഗങ്ങളായിരുന്നു. പക്ഷേ, നവീന്‍ ബാബുവിന്റെ മരണത്തിലെ ദുരുഹത നീക്കണമെന്നാവശ്യപ്പെട്ട് ഈ സംഘടന പ്രതിഷേധമോ പ്രക്ഷോഭമോ നടത്താത്തതും ദുരുഹമാണ്. നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച വിവാദത്തെക്കുറിച്ച് മിണ്ടാതെ ഒളിച്ചു നടക്കയാണ് സംഘടനാ നേതാക്കള്‍. ഒരു പക്ഷേ, മഞ്ജുഷയുടെ തുറന്ന് പറച്ചിലിന് പിന്നില്‍ സിപിഎം സര്‍വീസ് സംഘടനയുടെ മൗനവും കാരണമായിട്ടുണ്ടാവാം.
മഞ്ജുഷ ഇപ്പോള്‍ പത്തനംതിട്ട കലക്ടറേറ്റില്‍ സൂപ്രണ്ടാണ്. സിപിഎമ്മിന്റെ അടിയുറച്ച വിശ്വാസികളായിരുന്നു ഇരുവരുടേയും കുടുംബമെന്ന് നാട്ടുകാരും പാര്‍ട്ടിക്കാരും ഒന്നുപോലെ ഇന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്. നവീന്റെ അച്ഛന്‍ കൃഷ്ണന്‍നായരും അമ്മ രത്‌നമ്മയും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരായിരുന്നു. ഇരുവരും അധ്യാപകരായിരുന്നു. അമ്മ 1979- ല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. മഞ്ജുഷയുടെ കുടുംബവും സിപിഎം അനുഭാവികളാണ്. സിപിഎം പാരമ്പര്യമുള്ള കുടുംബത്തോട് വിശ്വസിച്ച പ്രസ്ഥാനം വഞ്ചന കാട്ടിയതെന്ന് നവീന്‍ ബാബുവിന്റെ ബന്ധുക്കള്‍ വിശ്വസിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here