പ്രശാന്തിനെ പ്രതിയാക്കണമെന്ന് നവിന്റെ കുടുംബം; പരാതി കൊടുത്തിട്ടും പ്രതി ചേര്‍ക്കാത്തത് നിയമലംഘനമെന്ന് ആരോപണം
എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യാ പ്രേരണക്കേസില്‍ ടിവി പ്രശാന്തിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയത് കേസ് അട്ടിമറിക്കാനെന്ന ആക്ഷേപവുമായി കുടുംബം. എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ (ക്രൈം നമ്പര്‍1149/2024) പിപി ദിവ്യ മാത്രമാണ് പ്രതിയായിട്ടുള്ളത്. ആദ്യം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പ്രതി സ്ഥാനത്ത് ആരും ഉണ്ടായിരുന്നില്ല. പിന്നീട് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ദിവ്യയെ പ്രതി ചേര്‍ത്തത്.
പ്രശാന്തിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തണമെന്ന് സഹോദരന്‍ പ്രവീണ്‍ ബാബു ഒക്ടോബര്‍ 15ന് തന്നെ കണ്ണൂര്‍ ടൗണ്‍ പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് ബോധപൂര്‍വ്വം ഒഴിവാക്കിയാണ് കേസുമായി മുന്നോട്ടുപോയത്. എഡിഎമ്മിന് 98500 രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണം ഉന്നയിച്ചയാളാണ് പ്രശാന്ത്. ദിവ്യയും പ്രശാന്തനും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമായിട്ടാണ് നവീന്‍ ബാബു ജീവനൊടുക്കിയതെന്ന സഹോദരന്റെ പരാതിയില്‍ നിന്ന് പ്രശാന്തനെ ഒഴിവാക്കിയതിന് പിന്നില്‍ സിപിഎമ്മിലേയും സര്‍ക്കാരിലേയും ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കുടുംബം സംശയിക്കുന്നു. രണ്ട് തവണ പ്രശാന്തിനെ പോലീസ് വിളിച്ചു വരുത്തി മൊഴി എടുത്തെങ്കിലും പ്രതിചേര്‍ക്കാത്തതിന് പിന്നില്‍ ഉന്നത ഇടപെടലാണെന്ന് വ്യക്തം.
ഇന്നലെ രാത്രി നടന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ പ്രശാന്തനെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയതിന് പിന്നില്‍ ദുരുഹതയുണ്ടെന്ന് നവീന്‍ ബാബുവിന്റെ അടുത്ത ബന്ധുവായ അഡ്വ. അനില്‍ പി നായര്‍ ആരോപിച്ചിരുന്നു. ‘ഈ കേസിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഈ മാസം 15ന് നല്‍കിയ പരാതിയില്‍ ദിവ്യയും പ്രശാന്തും തമ്മില്‍ ഗൂഢാലോചന നടത്തിയെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ നടന്നിരിക്കുന്നത് നിയമത്തിന്റെ നഗ്‌നമായ ലംഘനമാണ്. ഈ കേസില്‍ പ്രശാന്തന്റെ പേര് എഴുതിക്കൊടുത്തിട്ടും പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിന്റെ കാരണം ദുരൂഹമാണെന്നാണ് ‘ അനില്‍ പി നായര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് പറഞ്ഞത്.
നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണയിടുമ്പോഴാണ് ഈ അട്ടിമറി സംഭവിച്ചത്. ഇന്നലെ ദിവ്യയെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ നിന്ന് ജില്ലാ ആശുപത്രിയി ലേക്കും അവിടെ നിന്ന് തളിപറമ്പിലെ മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് കൊണ്ടു പോകുമ്പോഴും പോലീസിന്റെ കരുതലും ചേര്‍ത്തു പിടിക്കലും കാണാന്‍ കഴിഞ്ഞു. മജിസ്‌ട്രേറ്റിന്റെ വസതിക്കു മുന്നില്‍ മഹിളാ അസോസി യേഷന്‍, ഡിവൈഎഫ്‌ഐ, സിപിഎം പ്രാദേശിക നേതാക്കള്‍ ദിവ്യയ്ക്കു പിന്തുണയുമായി എത്തിയിരുന്നു. കൂട്ടത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രത്‌നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍ എന്നിവരുമു ണ്ടായിരുന്നു. കുടുംബത്തോടൊപ്പമാണെന്ന് വായ്ത്താരി മുഴക്കുമ്പോഴും എഡിഎമ്മിന്റ ആത്മഹത്യയ്ക്ക് കാരണക്കാരിയായ ദിവ്യയ്ക്ക് സമ്പൂര്‍ണ പിന്തുണ നല്‍കുന്നതും സിപിഎമ്മാണെന്ന് നാട് മുഴുവന്‍ കാണുന്നുണ്ടാ യിരുന്നു.
പരാതിയുടെ പൂര്‍ണ്ണരൂപം
ബഹുമാനപ്പെട്ട കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷന്‍ SHO മുമ്പാകെ പത്തനംതിട്ട ജില്ലയില്‍ ,കോന്നി താലൂക്കില്‍ , മലയാലപ്പുഴ വിലേജില്‍ താഴം മുറിയില്‍ കാരുവള്ളില്‍ വീട്ടില്‍ K പ്രവീണ്‍ ബാബു ബോധിപ്പിക്കുന്ന പരാതി..
എന്റെ ജേഷ്ഠ സഹോദരന്‍ , ടി വിലാസത്തില്‍ താമസിച്ചിരുന്ന K നവീന്‍ ബാബു കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ആയി ജോലി ചെയ്ത് വരികയിരുന്നു..
14/10/2024 ല്‍ അദ്ദേഹത്തിന്റെ സെന്റ് ഓഫ് മീറ്റിംഗ് കണ്ണൂര്‍ കലക്ടറേറ്റില്‍ വെച്ച് നടക്കവേ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയ പിപി ദിവ്യ, ടി മീറ്റിംഗിലേക്ക് ക്ഷണിക്കാതെയും, മുന്നറിയിപ്പ് ഇല്ലാതെയും കടന്ന് വരികയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവിശ്യപ്പെട്ട പ്രകാരം, ആവിശ്യപ്പെട്ട സമയത്ത് ഒരു പെട്രോള്‍ പമ്പിന് NOC നല്‍കി ഇല്ലെന്നും,എന്നാല്‍പിന്നീട് , ടി ‘പെട്രോള്‍ പമ്പിന് NOC നല്‍കിയതില്‍ അവിഹിത സ്വാധീനം ഉണ്ടെന്നും ,ആയതിനെ കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റന് ബോധ്യം ഉണ്ടെന്നു പറഞ്ഞ് ആ മീറ്റിംഗില്‍ വെച്ച് പരസ്യമായി അപമാനിക്കുകയും,എന്റെ സഹോദരന്‍ അഴിമതിക്കാരന്‍ ആണെന്ന നിലയില്‍, വസ്തുതാവിരുദ്ധമായ ആരോപണം ഉന്നയിക്കുകയും,പൊതു സദസ്സില്‍ അപമാനിക്കുകയും ഉണ്ടായി. ‘ഒരു നിമിഷം മതി സര്‍ക്കാര്‍ ജീവനക്കാരന്‍ ആയ എന്റെ ജേഷ്ഠന് എന്തും സംഭവിക്കും’ എന്ന് പരസ്യമായി ഭീഷണിപെടുത്തിയ ശേഷം .ടി ,മീറ്റിംഗില്‍ നിന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇറങ്ങി പോയിട്ടുള്ളതും ആകുന്നു, പിന്നീട് ഇന്ന് രാവിലെ 8 മണിയോടെ ക്വാര്‍ട്ടേഴ്‌സിലെ തുറന്ന മുറിയില്‍ എന്റെ സഹോദരനെ മരിച്ച നിലയില്‍ കണ്ടെത്തി എന്ന് എനിക്ക് വിവരം ലഭിച്ചിട്ടുള്ളത് ആകുന്നു .. എന്റെ സഹോദരന്റെ മരണത്തിന്റെ കാരണം പിപി ദിവ്യ എന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ന്റെ ഭീഷണിയും, ടിയാളും,പെട്രോള്‍ പമ്പന് NOC കിട്ടിയ പ്രശാന്തന്‍ ടി.വി S/O കുഞ്ഞിരാമന്‍, KR ഹൗസ്, നിടുവാലൂര്‍, ശ്രീകണ്ഠാപുരം എന്ന വ്യക്തിയും , ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയും ആകുന്നു .. ആകെയാല്‍ ഈ രണ്ടു വ്യക്തികള്‍ക്കും ( പിപി ദിവ്യ, പ്രശാന്തന്‍) എതിരെ കേസ് രജിസ്ടര്‍ ചെയ്ത് അന്വേഷണം നടത്തി , നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
K പ്രവീണ്‍ ബാബു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here