നവീന്‍ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടതിൽ അമര്‍ഷത്തില്‍ ഉദ്യോഗസ്ഥര്‍; വൈകാരികമായി പ്രതികരിച്ച് മുന്‍ കളക്ടര്‍മാര്‍

സിപിഎം നേതാവ് പിപി ദിവ്യ അഴിമതിക്കാരനാക്കി അപമാനിച്ചതിനെ തുടര്‍ന്ന് എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്തതിലുള്ള അമർഷം പരസ്യമാക്കി ഉദ്യോഗസ്ഥര്‍. റവന്യൂ ജീവനക്കാര്‍ അവധിയെടുത്ത് പ്രതിഷേധം അറിയിച്ചു കഴിഞ്ഞു. സംസ്ഥാനം ഭരിക്കുന്ന സിപിഎം തന്നെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന വിവാദത്തില്‍ പ്രത്യക്ഷത്തിൽ തന്നെ പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നു എന്നത് അപൂർവതയാണ്. നവീൻ അഴിമതിക്കാരന്‍ ആണെന്ന ദിവ്യയുടെ ആരോപണം ഐഎഎസ് ഉദ്യോഗസ്ഥര്‍മാര്‍ വരെ തള്ളിപ്പറയുകയാണ്. കൂടാതെ മികച്ച ഉദ്യോഗസ്ഥന്‍ എന്ന സാക്ഷ്യപ്പെടുത്തല്‍ കൂടി നല്‍കി കൃത്യമായ സന്ദേശമാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്.

നവീന്‍ ബാബുവിന്റെ യാത്രയപ്പ് തികച്ചും സ്വകാര്യമായ ഒരു ചടങ്ങായിരുന്നു. ഇവിടേക്കാണ് ക്ഷണിക്കാതെ, വീഡിയോ എടുക്കാന്‍ ആളെ വരെ ഏര്‍പ്പാടാക്കി പിപി ദിവ്യ കടന്നു വന്നതും 36 വര്‍ഷം സര്‍വ്വീസുള്ള ഒരു ഉദ്യോഗസ്ഥനെ ഹീനമായ രീതിയില്‍ അപമാനിച്ചത്. അഴിമതി നടന്നിട്ടുണ്ടെങ്കില്‍ നിയമപരമായി നേരിടാതെ ഒരു ഉദ്യോഗസ്ഥനെ ഇത്രയും മോശമായി അപമാനിച്ചത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.

കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥനല്ലെന്ന സാക്ഷ്യപ്പെടുത്തലാണ് ഐഎഎസുകാര്‍ മുതല്‍ താഴേക്ക് നവീനൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥരെല്ലാം നൽകുന്നത്. പത്തനംതിട്ട കളക്ടര്‍മാരായിരുന്ന രണ്ട് ഐഎഎസ് ഉദ്യോഗസ്ഥരാണ് നവീന്റെ സേവനങ്ങള്‍ സംബന്ധിച്ച് വൈകാരികമായി പ്രതികരിച്ചത്. പിബി നൂഹും, ദിവ്യ എസ് അയ്യരും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ തന്നെയുണ്ട് നവീനെ അഴിമതിക്കാരൻ ആക്കിയതിനോടുള്ള കടുത്ത വിയോജിപ്പ്. ഇന്ന് പത്തനംതിട്ട കളക്ട്രേറ്റില്‍ നവീന്റെ മൃതദ്ദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ കണ്ണീരോടെയാണ് ദിവ്യ എസ് അയ്യര്‍ അന്തിമോപചാരം അര്‍പ്പിച്ചത്.

ഒപ്പം ജോലി ചെയ്തവരെല്ലാം നല്ലതുമാത്രം പറയുന്ന ഈ ഉദ്യോഗസ്ഥന്‍ പിപി ദിവ്യക്ക് മാത്രം എങ്ങനെ അഴിമതിക്കാരനായി. അഴിമതി സംബന്ധിച്ച് നേരത്തെ പരാതി നല്‍കിയെന്നത് വ്യാജമാണെന്ന് ഏറെക്കുറേ വ്യക്തമായിട്ടുണ്ട്. ഇങ്ങനെ ഒരു പരാതിയേ ലഭിച്ചിട്ടില്ല എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ പറയുന്നത്. ഈ സാഹചര്യത്തില്‍ ഉന്നയിച്ച ആരോപണം തെളിയിക്കേണ്ടത് ദിവ്യയാണ്. എന്നാല്‍ നവീൻ്റെ യാത്രയപ്പ് ചടങ്ങിലെത്തി നടത്തിയ വൻ ഷോയ്ക്ക് ശേഷം ഒരു പ്രതികരണത്തിനും ദിവ്യ തയ്യാറായിട്ടില്ല.

ഊഴംവച്ച് എത്തി നവീന്‍ ബാബുവിന്റെ മൃതദേഹത്തില്‍ സിപിഎം നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കുന്ന കാഴ്ചയാണ് പത്തനംതിട്ടയില്‍ കാണുന്നത്. ദാരുണമായ ഈ മരണത്തിന് ഉത്തരവാദിയെന്ന് പകൽപോലെ വ്യക്തമായിട്ടും പിപി ദിവ്യ ഇപ്പോഴും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയില്‍ തന്നെയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top