നവീന്‍ ബാബു എന്‍ഒസി വൈകിപ്പിച്ചിട്ടില്ല; ആറു ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കിയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്; എന്നിട്ടും ദിവ്യ എന്തിന് അധിക്ഷേപിച്ചു
പെട്രോള്‍ പമ്പിന് എന്‍ഒസി നല്‍കുന്നതില്‍ എഡിഎം നവീന്‍ ബാബുവിന്റെ ഭാഗത്തു നിന്നും ഒരു കാലതാമസവും ഉണ്ടായിട്ടില്ലെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. ആറ് പ്രവര്‍ത്തി ദിവസം കൊണ്ട് തന്നെ ഫയലില്‍ തീര്‍പ്പ് വരുത്തിയിട്ടുണ്ട്. ഇതില്‍ ഒരു വീഴ്ചയും നവീന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്‍ഒസിക്കായി ടി.വി. പ്രശാന്തന്‍ അപേക്ഷ നല്‍കിയത് 2023 ഡിസംബര്‍ രണ്ടിനാണ്. ഫെബ്രുവരി 21ന് ചെങ്ങളായി പഞ്ചായത്തില്‍നിന്ന് അപേക്ഷയില്‍ അനുകൂല റിപ്പോര്‍ട്ട് എഡിഎമ്മിന് ലഭിച്ചു. 22ന് ജില്ലാ ഫയര്‍ ഓഫിസറും 28ന് റൂറല്‍ പൊലീസ് മേധാവിയും മാര്‍ച്ച് 30ന് തളിപ്പറമ്പ് തഹസില്‍ദാരും 31ന് ജില്ലാ സപ്ലൈ ഓഫിസറും റിപ്പോര്‍ട്ട് നല്‍കി. ഇതില്‍ പോലീസ് റിപ്പോര്‍ട്ട് പമ്പിന് അനുമതി നല്‍കുന്നതിന് എതിരായിരുന്നു. റോഡില്‍ വളവുളള ഭാഗത്താണ് പമ്പ് സ്ഥാപിക്കാനുള്ള സ്ഥലമെന്നും അതിനാല്‍ അപകടത്തിന് സാധ്യത കൂടുതലാണെന്നുമായിരുന്നു പോലീസിന്റെ റിപ്പോര്‍ട്ട്.
ഈ റിപ്പോര്‍ട്ട് പരിഗണിച്ച് എഡിഎമ്മിന് ആ അപേക്ഷ തള്ളാമായിരുന്നു. എന്നാല്‍ എഡിഎം ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ട് കൂടി ആവശ്യപ്പെടുകയാണ് ചെയതത്. കാഴ്ച മറയുന്ന തരത്തിലുള്ള കുറ്റിച്ചെടികള്‍ വെട്ടിമാറ്റിയും ഭൂമിയുടെ കിടപ്പു നേരെയാക്കിയും അനുമതി കൊടുക്കാമെന്ന റിപ്പോര്‍ട്ട് ടൗണ്‍ പ്ലാനര്‍ സമര്‍പ്പിച്ചു. സെപ്റ്റംബര്‍ 30നാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇത് പരിഗണിച്ച് ഒക്ടോബര്‍ 9ന് എന്‍ഒസി നല്‍കുകയും ചെയ്തു എന്നാല്‍ കളക്ടറുടെ റിപ്പോര്‍ട്ട്.
യാത്രയപ്പ് ചടങ്ങിലെത്തി പിപി ദിവ്യ നടത്തിയ ആക്ഷേപങ്ങള്‍ എല്ലാം പാടെ തള്ളുന്നതാണ് കളക്ടറുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പ്രത്യേകം പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here