എഡിഎമ്മിന്റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിക്ക് കൈമാറും; കൂടുതല്‍ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ സാധ്യത
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നേരത്തെ കൈമാറിയിരുന്നു. മരണത്തിൽ കൂടുതൽ അന്വേഷണത്തിന് മന്ത്രി ശുപാർശ ചെയ്യാന്‍ സാധ്യതയുണ്ട്.
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന റിപ്പോര്‍ട്ട് ആണ് റവന്യൂമന്ത്രിക്ക് കൈമാറിയത്. പെട്രോൾ പമ്പിന് എൻഒസി നൽകിയതിൽ നവീൻ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്നും കോഴ വാങ്ങി എന്ന ആക്ഷേപത്തിനും തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ കേസിൽ പ്രതിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ മുൻകൂർ ജാമ്യഹർജിയിൽ നാളെയാണ് തലശ്ശേരി സെഷന്‍സ് കോടതി വിധി പറയുന്നത്. കേസില്‍ ദിവ്യയെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി അറിഞ്ഞ് ചോദ്യം ചെയ്യല്‍ അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാം എന്ന നിലപാടിലാണ് പോലീസ്. കേസില്‍ ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് കണ്ണൂര്‍ സിപിഎം ജില്ലാ നേതൃത്വം സ്വീകരിച്ചത്. കളക്ടര്‍ അടക്കമുള്ളവരുടെ മൊഴി എടുത്തിട്ടും ദിവ്യയെ ചോദ്യം ചെയ്യാന്‍ പോലീസ് മടിക്കുന്നതിന്റെ പിന്നിലും ഈ കാരണം തന്നെയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here