എഡിഎമ്മിന്‌ കൈക്കൂലി നല്‍കി എന്നാരോപിച്ച പ്രശാന്തനോട് പരിയാരം പ്രിന്‍സിപ്പല്‍ വിശദീകരണം തേടി; നടപടി എന്‍ജിഒ അസോസിയേഷന്‍റെ പരാതിയില്‍

കണ്ണൂര്‍ എഡിഎമ്മിന്‍റെ ജീവനൊടുക്കലുമായി ബന്ധപ്പെട്ട് പരിയാരം മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ പ്രശാന്തനോട് പ്രിന്‍സിപ്പല്‍ വിശദീകരണം തേടി. മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ ആയിരിക്കെയാണ് പ്രശാന്തന്‍ പെട്രോള്‍ പമ്പ് നടത്താന്‍ ശ്രമം തുടങ്ങിയത്. എന്‍ഒസി ലഭിക്കാന്‍ ഒരു ലക്ഷം രൂപ എഡിഎമ്മിന് കൈക്കൂലി നല്‍കി എന്നാണ് ആരോപിച്ചത്. പ്രശാന്തന് എതിരെ അഴിമതി നിരോധനനിയമ പ്രകാരം കേസ് എടുക്കണം എന്നാവശ്യപ്പെട്ട് കേരള എന്‍ജിഒ അസോസിയേഷന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് വിശദീകരണം തേടിയത്. സര്‍ക്കാര്‍ ജീവനക്കാരന് കച്ചവടസ്ഥാപനം തുടങ്ങാന്‍ അനുമതിയില്ല. അതിനാല്‍ പ്രശാന്തനെ ജോലിയില്‍ തുടരാന്‍ അനുവദിക്കരുത് എന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി.ദിവ്യക്ക് എതിരെ ഗുരുതര ആരോപണവുമായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് രംഗത്തെത്തിയിട്ടുണ്ട്. പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിന്‍റെതാണെന്നും പ്രശാന്തന്‍ വെറും ബിനാമി മാത്രമാണെന്നുമാണ് മാർട്ടിൻ ജോർജ് ആരോപിച്ചത്.

എഡിഎമ്മിന്റെ ആത്മഹത്യയെ തുടര്‍ന്ന് പ്രശാന്തന് എതിരെ സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി എന്ന് പറയുന്നുണ്ടെങ്കിലും പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചു എന്നുള്ളതിനുള്ള രസീത് ഹാജരാക്കിയിട്ടില്ല. എഡിഎമ്മിന്റെ ആത്മഹത്യ വിവാദമായപ്പോഴാണ് ആരോപണവുമായി രംഗത്തുവന്നത് എന്നും ആക്ഷേപമുണ്ട്.

സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ദിവ്യയുടെ പ്രവര്‍ത്തി അനുചിതമായിരുന്നു എന്നാണ് ജയരാജന്‍ പറഞ്ഞത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ.ശ്രീമതിയും ദിവ്യക്ക് എതിരെ രംഗത്തുവന്നിട്ടുണ്ട്. ക്ഷണിക്കപ്പെടാത്ത വേദിയില്‍ ദിവ്യ പോകേണ്ടിയിരുന്നില്ല. അത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ അവിടെ വേണ്ടിയിരുന്നില്ലെന്നുമാണ് ശ്രീമതി പറഞ്ഞത്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ സഹോദരന്‍ കണ്ണൂര്‍ സിറ്റി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എഡിഎമ്മിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയും പെട്രോള്‍ പമ്പ് ഉടമ പ്രശാന്തനും ഗൂഡാലോചന നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.

ഇന്നലെ രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ ചെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ അദ്ദേഹത്തെ അപമാനിച്ച് സംസാരിച്ചിരുന്നു. ചെങ്ങളായിയിലെ പെട്രോള്‍ പമ്പിന് എഡിഎം എന്‍ഒസി നല്‍കിയതില്‍ അഴിമതിയുണ്ട് എന്നാണ് ചടങ്ങില്‍ ദിവ്യ ആക്ഷേപിച്ചത്. ചടങ്ങ് കഴിഞ്ഞ് ക്വാര്‍ട്ടേഴ്സില്‍ എത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. കേരളത്തെ ഞെട്ടിച്ച ഈ സംഭവത്തിലെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. പ്രതിപക്ഷ സംഘടനകള്‍ ഒന്നടങ്കം സമരരംഗത്തുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top