എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയെ ഇന്ന് ചോദ്യം ചെയ്യും; പെട്രോള്‍ പമ്പ് പ്രശ്നത്തില്‍ വിജിലന്‍സ് അന്വേഷണവും ഇന്ന് തുടങ്ങും

കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി.പി.ദിവ്യയെ പൊലീസ് ഇന്ന് ചോദ്യം ചെയ്തേക്കും.കേസില്‍ ദിവ്യക്ക് എതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയിരുന്നു. ദിവ്യയെ പ്രതി ചേർത്ത് ഇന്നലെ കോടതിയിൽ കണ്ണൂർ ടൗൺ പൊലീസ് റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. കേസ് വന്നതോടെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും സിപിഎം നീക്കിയിട്ടുണ്ട്. പെട്രോള്‍ പമ്പിനു അപേക്ഷ നല്‍കിയ പ്രശാന്തന്‍റെ മൊഴിയും രേഖപ്പെടുത്തും. കൂടുതൽ പേരെ പ്രതി ചേർക്കുന്ന കാര്യവും ആലോചനയിലുണ്ട്.

എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ കയറിച്ചെന്ന് ദിവ്യ അഴിമതിയാരോപണം ഉന്നയിക്കുകയും അവഹേളിക്കുകയും ചെയ്തിരുന്നു. കണ്ണൂർ ചെങ്ങളായിയിൽ പെട്രോള്‍ പമ്പിനു എന്‍ഒസി നല്‍കാന്‍ വൈകിയെന്നും എങ്ങനെയാണ് നവീന്‍ ബാബു എന്‍ഒസി നല്‍കിയത് എന്ന് അറിയാമെന്നുമാണ് ദിവ്യ പറഞ്ഞത്. വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തും എന്ന് ഭീഷണി മുഴക്കിയാണ് ചടങ്ങിനിടെ ദിവ്യ പുറത്തേക്ക് പോയത്. ഈ സംഭവത്തിനു ശേഷമാണ് നവീൻ ബാബുവിനെ ക്വാർട്ടേഴ്സില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടത്.

എഡിഎമ്മിന്റെ മരണം സിപിഎമ്മിനെയും സര്‍ക്കാരിനെയും പിടിച്ചുകുലുക്കിയ വിവാദമായി മാറി.നവീന്‍ ബാബുവിന്റെ സംസ്കാരം ഇന്നലെ പത്തനംതിട്ടയിലെ വീട്ടില്‍ നടന്നു. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും അടക്കം വന്‍ ജനാവലിയാണ് പത്തനംതിട്ടയിലെ വീട്ടില്‍ എത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top