പതഞ്ഞുയര്‍ന്ന് ജീവനക്കാരുടെ രോഷം; കണ്ണൂര്‍ വിടാനുള്ള തീരുമാനത്തില്‍ കളക്ടര്‍; അനുമതി നല്‍കാതെ സര്‍ക്കാര്‍

കണ്ണൂരില്‍ ഇനി തുടരാന്‍ കഴിയില്ലെന്ന നിലപാടില്‍ കളക്ടര്‍ അരുൺ കെ വിജയൻ. എഡിഎം നവീന്‍ ബാബുവിന്റെ ജീവനൊടുക്കലിനെ തുടര്‍ന്ന് ജീവനക്കാരുടെ രോഷം നേരിടുമ്പോഴാണ് കളക്ടര്‍ ഈ തീരുമാനത്തിലേക്ക് എത്തുന്നത്. വിവാദ യാത്രയയപ്പ് യോഗത്തിൽ ദിവ്യ പങ്കെടുത്തതിന് പിന്നിൽ കളക്ടർക്കും പങ്കുണ്ടെന്നാണ് ആരോപണം. സ്ഥലംമാറ്റത്തിനായി കളക്ടർ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ശ്രമം വിജയിച്ചിട്ടില്ല. തല്‍ക്കാലം കണ്ണൂരില്‍ തുടരാനാണ് അദ്ദേഹത്തിന് നല്‍കിയ നിര്‍ദ്ദേശം.
പത്തനംതിട്ടയിൽ എഡിഎമ്മിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്ന കളക്ടര്‍ തിരിച്ചെത്തിയെങ്കിലും ഓഫീസിലേക്ക് വന്നിട്ടില്ല. ജീവനക്കാര്‍ തനിക്ക് എതിരാണെന്ന സന്ദേശം കളക്ടര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഓഫീസിൽ വന്നാലും ബഹിഷ്കരിക്കാനാണ് ജീവനക്കാരുടെ തീരുമാനം. പ്രതിഷേധ സാഹചര്യം മുന്‍നിര്‍ത്തി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
റവന്യൂ വകുപ്പിലെ ജീവനക്കാരുടെ വകയായാണ് യാത്രയയപ്പ് യോഗം നടത്തിയത്. ഇത് തീർത്തും സ്വകാര്യ പരിപാടിയായിരുന്നു. ജില്ലാ കളക്ടറായിരുന്നു അധ്യക്ഷൻ. യോഗത്തിൽ ജനപ്രതിനിധികളെ ആരെയും ക്ഷണിച്ചിരുന്നില്ല. യോഗം നിശ്ചയിച്ചത് കളക്ടറുടെ കൂടി സൗകര്യം പരിഗണിച്ചാണ്. എന്നാൽ ഈ യോഗത്തെ കുറിച്ച് ദിവ്യയെ അറിയിച്ചതും യോഗത്തിൽ പങ്കെടുത്ത് എഡിഎമ്മിനെതിരെ ആക്ഷേപം ഉന്നയിക്കാൻ അവസരമൊരുക്കിയതും കളക്ടറാണെന്നാണ് ആരോപണം.
ദിവ്യ യോഗത്തിലേക്ക് വന്നപ്പോള്‍ കളക്ടര്‍ അനങ്ങിയില്ല. ഇത് തീര്‍ത്തും സ്വകാര്യ പരിപാടിയാണെന്ന് പറഞ്ഞതുമില്ല. ദിവ്യയുടെ വരവിനെക്കുറിച്ച് കളക്ടര്‍ക്ക് സൂചനയുണ്ടായിരുന്നു എന്ന സംശയം ജീവനക്കാര്‍ക്കിടയില്‍ ബലപ്പെടുത്തിയത് ഈ പെരുമാറ്റമാണ്. എഡിഎമ്മിന് അന്തിമോപചാരം അർപ്പിക്കാനുള്ള അവസരം കണ്ണൂരിലെ കലക്ടറേറ്റ് ജീവനക്കാർക്ക് ലഭിക്കാതിരുന്നതിലും പ്രതിഷേധമുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here