എഡിഎമ്മിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിന് സസ്‌പെന്‍ഷന്‍; കടുത്ത അച്ചടക്ക നടപടി പീന്നീടെന്ന് ആരോഗ്യവകുപ്പ്
പെട്രോള്‍ പമ്പിനുള്ള എന്‍ഒസിക്കായി എഡിഎം നവീന്‍ ബാബു കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതിപ്പെട്ട ടിവി പ്രശാന്തിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് ബിസിനസ് തുടങ്ങാന്‍ ശ്രമിച്ചതിനാണ് സസ്‌പെന്‍ഷന്‍. പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യനാണ് പ്രശാന്ത്. അനധികൃതമായി അവധിയെടുത്തതും നടപടിക്ക് കാരണമായി പറഞ്ഞിട്ടുണ്ട്.
കടുത്ത അച്ചടക്ക നടപടി പിന്നീട് സ്വീകരിക്കുമെന്നാണ് ആരോഗ്യ വകുപ്പ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. പ്രശാന്തിനെതിരെ അച്ചടക്ക നടപടി വൈകുന്നതില്‍ ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനിടയില്‍ പത്ത് ദിവസത്തേക്ക് പ്രശാന്ത് അവധിയില്‍ പോവുകയും ചെയ്തു. ഇതിനിടയിലാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്താലാണ് നടപടി ഉണ്ടായിരിക്കുന്നത്.
പ്രശാന്തിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞിരുന്നത്. സഹകരണ സ്ഥാപനമായിരുന്ന പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ റഗുലറൈസ് ചെയ്യാനുള്ളവരുടെ പട്ടികയിലായിരുന്നു പ്രശാന്ത് ഉണ്ടായിരുന്നത്. പ്രശാന്തിന്റെ സ്‌പെന്‍ഷന്‍ കണ്ണില്‍ പൊടിയിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here