തനിക്ക് തെറ്റ് പറ്റിയെന്ന് എഡിഎം കളക്ടറോട് പറഞ്ഞിരുന്നോ; അരുണ്‍.കെ.വിജയന്‍റെ മൊഴിയില്‍ വ്യക്തത തേടാന്‍ അന്വേഷണ സംഘം
എഡിഎമ്മിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറുടെ മൊഴിയില്‍ വ്യക്തത തേടാന്‍ അന്വേഷണസംഘം. യാത്രയയപ്പ് യോഗത്തിലെ പി.പി.ദിവ്യയുടെ വിവാദ പ്രസംഗത്തിന് ശേഷം തന്നെ വന്നുകണ്ട് തനിക്ക് തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞെന്ന മൊഴിയിലാണ് അന്വേഷണം വരുന്നത്. മൊഴിയുടെ പൂർണരൂപം പുറത്തുവന്നിട്ടില്ലെന്ന് കളക്ടര്‍ പ്രതികരിച്ചിരുന്നു. ഇതാണ് അന്വേഷണ സംഘത്തിനെ കുഴക്കുന്നത്.
ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ മൊഴി പൂർണമായി പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും മൊഴി പൂര്‍ണമായി പുറത്തുവന്നിട്ടില്ലെന്നാണ് കളക്ടര്‍ പറഞ്ഞത്. ഒക്ടോബർ 21-ന് രാത്രി കളക്ടറുടെ ക്യാമ്പ് ഓഫീസിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്.തനിക്ക് തെറ്റുപറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി മൊഴിയിലുണ്ട്. വകുപ്പുതല അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീതയ്ക്കും അതേ മൊഴിനൽകിയെന്നും കളക്ടർ പറഞ്ഞിരുന്നു. എന്നാൽ, ‘പറഞ്ഞത് മുഴുവനായും പുറത്തുവന്നിട്ടില്ലെന്ന്’ കളക്ടർ വെളിപ്പെടുത്തിയതിലാണ് പോലീസ് വ്യക്തതതേടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് കമ്മിഷണർ അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം യോഗംചേരുന്നുണ്ട്.
കളക്ടറുടെ വെളിപ്പെടുത്തൽ കേസന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. കളക്ടറുടെ ഈ മൊഴി എഡിഎമ്മിന്റെ ഭാര്യ മഞ്ജുഷ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്. ആ രീതിലുള്ള ഒരാത്മബന്ധവും കളക്ടറും എഡിഎമ്മും തമ്മിലില്ല എന്നാണ് മഞ്ജുഷ പറഞ്ഞത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here