ദിവ്യ ജാമ്യഹര്‍ജി നല്‍കി; പോലീസിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍; നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരും
എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ പ്രതിയായി റിമാന്‍ഡില്‍ തുടരുന്ന പി.പി.ദിവ്യ ജാമ്യഹര്‍ജി നല്‍കി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യത്തെ എതിര്‍ത്ത് നവീന്‍ബാബുവിന്റെ കുടുംബവും കക്ഷി ചേരും.
പോലീസ് അന്വേഷണ റിപ്പോര്‍ട്ട് ദിവ്യക്ക് എതിരായതിനാല്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്താണ് ദിവ്യയുടെ എതിര്‍വാദങ്ങള്‍. തെറ്റ് പറ്റിയെന്ന് കളക്ടറോട് നവീന്‍ ബാബു പറഞ്ഞതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിയില്ല. ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ മൊഴി എടുത്തില്ല. പെട്രോള്‍ പമ്പ് സംരംഭകനായ പ്രശാന്തന്‍ മൊഴി നല്‍കിയെങ്കിലും പോലീസ് റിപ്പോര്‍ട്ടില്‍ ഈ മൊഴി രേഖപ്പെടുത്തിയില്ല. പ്രശാന്ത് എന്തിനാണ് എഡിഎമ്മിന്റെ വീട്ടിലേക്ക് പോയതെന്ന് അന്വേഷിച്ചില്ല തുടങ്ങി ഒട്ടുവളരെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി ദിവ്യ നീങ്ങുന്നത്.
ദിവ്യക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ഉണ്ടായിരുന്നില്ലെന്നും കരുതിക്കൂട്ടിയാണ് ദിവ്യ യോഗത്തിന് എത്തിയതെന്നും ചൂണ്ടിക്കാട്ടിയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ദിവ്യ നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണ്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിന്റെ തന്റെ പ്രസംഗം ചിത്രീകരിക്കാന്‍ ഏര്‍പ്പാട് ആക്കിയതും ദിവ്യതന്നെ എന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ ശേഷം രണ്ടാഴ്ചയോളമാണ് ദിവ്യ ഒളിവില്‍ തുടര്‍ന്നത്. ദിവ്യയുടെ അറസ്റ്റില്‍ ജാമ്യഹര്‍ജിയിലെ തീരുമാനം വരെ കാക്കാനുള്ള പോലീസ് തീരുമാനവും വിചിത്രമായിരുന്നു. ദിവ്യ നേരിട്ടുവന്നു കീഴടങ്ങിയപ്പോള്‍ മാത്രമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തതും. ഇന്നലെ റിമാന്‍ഡിയായ ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് ഉള്ളത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിട്ടുള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here