അടൂർ ചിത്രത്തിൽ മോഹൻലാൽ ആദ്യമായി, ജനറൽ പിച്ചേഴ്സ് വീണ്ടും നിർമ്മാണ രംഗത്തേക്ക്
കൊല്ലം: അടൂർ ഗോപാലകൃഷ്ണൻ മോഹൻലാലിനെ വച്ച് കൂട്ടികൾക്കായി സിനിമ നിർമ്മിക്കുന്നു. ഇതാദ്യമായാണ് മോഹൻലാൽ അടൂർ ചിത്രത്തിൽ നായകനാകുന്നത്. 30 വർഷത്തിനുശേഷം ജനറൽ പിച്ചേഴ്സ് വീണ്ടും നിർമ്മാണ രംഗത്തേക്ക് വരുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഈ അടുത്തകാലത്ത് അന്തരിച്ച രവീന്ദ്രനാഥ നായരുടെ ( അച്ചാണി രവി) ഉടമസ്ഥതയിലുള്ള ജനറൽ പിക്ചർസ് 14 ചിത്രങ്ങളാണ് ഇതുവരെ നിർമ്മിച്ചിട്ടുള്ളത്. ജി അരവിന്ദൻ, അടൂർ ഗോപാലകൃഷ്ണൻ,എം ടി വാസുദേവൻ നായർ എന്നിവരാണ് ജനറൽ പിക്ചേഴ്സിന്റെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ളത്.
1994 -ൽ മമ്മൂട്ടിയെ നായകനാക്കി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത വിധേയനാണ് ജനറൽ പിച്ചേഴ്സ് നിർമിച്ച അവസാന ചിത്രം. മോഹൻലാലിനെ നായകനാക്കി ഒരു പടം നിർമ്മിക്കാൻ തന്റെ പിതാവ് ആഗ്രഹിച്ചിരുന്നുവെന്ന് രവീന്ദ്രനാഥൻ നായരുടെ മകൻ പ്രതാപ് നായർ പറഞ്ഞു.
നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ സഹായത്തോടെയാണ് മോഹൻലാൽ ചിത്രം നിർമ്മിക്കുന്നതെന്ന് പ്രതാപ് നായർ പറഞ്ഞു.
ഇത് ആദ്യമായാണ് ജനറൽ പിക്ചേഴ്സ് മറ്റു സാമ്പത്തിക സ്ഥാപനങ്ങളിൽ നിന്ന് സഹായം തേടി ചിത്രം നിർമ്മിക്കുന്നത്.1967ൽ’ അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന സിനിമയിലൂടെയാണ് രവീന്ദ്രനായർ നിർമ്മാണത്തിലേക്ക് വരുന്നത്.
കാഞ്ചന സീത, തമ്പ്,കുമ്മാട്ടി, പോക്കുവെയിൽ,എസ്തപ്പാൻ,എന്നീ അരവിന്ദൻ ചിത്രങ്ങളും, മുഖാമുഖം, ,അനന്തരം,വിധേയൻ എന്നീ അടൂർ ചിത്രങ്ങളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.
ജനറൽ പിക്ചേഴ്സിന്റെ 14 സിനിമകൾക്ക് 18ലധികം ദേശീയ-സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
പുതിയ സിനിമയെ കുറിച്ച് കൂടുതലായി ഒന്നും വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.