കേരളത്തിന്റെ രാംജത് മലാനിയായി മോഹന്‍രാജ്; പരാജയമറിയാതെ വാദം; കല്ലുവാതുക്കല്‍ കേസില്‍ സുപ്രീം കോടതിയുടെ അഭിനന്ദനം ലഭിച്ച അഭിഭാഷകന്‍

എം. മനോജ്‌ കുമാര്‍

തിരുവനന്തപുരം: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻരാജ്… കേരളത്തെ ഞെട്ടിച്ച ഏത് കേസിൻ്റെയും വാർത്തകളിലൂടെ കണ്ണോടിക്കുന്ന ആർക്കും പൊതുവായി കാണാവുന്ന ഒന്നായി ഈ പേര് മാറിയിട്ട് രണ്ടു പതിറ്റാണ്ടിലേറെയായി. രണ്ടായിരത്തിലെ കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസ് മുതലിങ്ങോട്ട് ഏറ്റവും ഒടുവിൽ ആലുവയിലെ പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെയുള്ള കേസുകളിൽ നിറഞ്ഞു നിൽക്കുന്നത് ഈ പേര് തന്നെയാണ്.

മുഖ്യപ്രതി മണിച്ചൻ അടക്കമുള്ളവർക്ക് ജീവപര്യന്തം ശിക്ഷ വാങ്ങി നൽകിയ കല്ലുവാതുക്കൽ കേസിൻ്റെ വിധി ന്യായത്തിൽ സുപ്രീംകോടതി പ്രത്യേകം പേരെടുത്ത് നന്ദി പറഞ്ഞത് മോഹൻരാജിൻ്റെ അഭിഭാഷക കരിയറിൽ തുടക്കത്തിലേ കിട്ടിയ പൊൻതൂവൽ ആണ്. ജസ്റ്റിസ് വി എസ് സിർപൂക്കറും ജസ്റ്റിസ് സിറിയക് ജോസഫും ചേർന്നെഴുതിയ ജഡ്ജ്മെന്റ്റ് പറഞ്ഞ് അവസാനിപ്പിക്കുന്നത് ഇങ്ങനെ: We must make a special reference to the assistance that the Court got from Shri Mohan Raj, Assistant to the Special Public Prosecutor before the trial Court, who, at our request, spared his substantial time and labour for assisting this Court.

പരാജയമറിയാത്ത അഭിഭാഷക ജീവിതമാണ് മോഹന്‍രാജിന്‍റെത്. പബ്ലിക് പ്രോസിക്യൂട്ടറായി വാദിച്ച കേസുകളിലെല്ലാം തന്നെ അദ്ദേഹം കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പാക്കി. പോക്സോ കേസിൽ ആദ്യമായാണ്‌ കോടതി വധശിക്ഷ വിധിക്കുന്നത് എന്ന സവിശേഷതയും ഇന്നത്തെ ആലുവ വിധിക്കുണ്ട്. ശിശു ദിനത്തില്‍ തന്നെ വന്ന ഈ വിധി മോഹന്‍രാജിന്റെ അഭിഭാഷക ജീവിതത്തിന്റെ തിളക്കം കൂട്ടുകയാണ്. ഇന്ത്യയിലെ നിയമം തലനാരിഴകീറി വാദിക്കുന്നതില്‍ അതിവിദഗ്ധനായിരുന്നു അഡ്വ.രാംജത് മലാനി. പ്രത്യേകിച്ചും കൊലക്കേസുകളില്‍. ഇതേ പ്രാഗത്ഭ്യം തന്നെയാണ് കോടതികളില്‍ മോഹന്‍രാജും പ്രകടിപ്പിക്കുന്നത്.

2009-ലെ കോട്ടയം എസ് എം ഇ കോളജ് റാഗിംഗ് കേസ്, 2012-ലെ ഇറ്റാലിയൻ കപ്പലിൽ നിന്ന് മത്സ്യത്തൊഴിലാളികളെ വെടിവച്ച കടൽക്കൊലക്കേസ്, സോളാർ തട്ടിപ്പുകേസ് പ്രതി ബിജു രാധാകൃഷ്ണന് 2014-ൽ ശിക്ഷ വാങ്ങി നൽകിയ ഭാര്യ രശ്മിയെ കൊലപ്പെടുത്തിയ കേസ്, ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ഉത്ര വധക്കേസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കിരൺ കുമാറിൻ്റെ സ്ത്രീധന പീഡനത്തിൻ്റെ പേരിൽ ജീവനൊടുക്കിയ വിസ്മയയുടെ കേസ്, കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ കേസ് എന്നിങ്ങനെ ഏറ്റവും ഭദ്രമായി നടത്തേണ്ട കേസുകളിൽ ഒക്കെയും സർക്കാരും പൊലീസും ആശ്രയിക്കുന്ന ഏറ്റവും പ്രധാന പേരാണ് മോഹൻ രാജിൻ്റെത്. ചെറിയതുറ പോലീസ് വെടിവെയ്പ്, പുല്ലുമേട് ദുരന്തം പോലെയുള്ള തുടങ്ങിയവയിലും സർക്കാർ പക്ഷത്തിന് വേണ്ടി ഹാജരായത് മോഹൻരാജ് ആയിരുന്നു.

നിയമപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് മോഹന്‍രാജിന്റേയും വരവ്. കൊല്ലത്തെ ക്രിമിനൽ അഭിഭാഷകരുടെ മുൻ തലമുറയിലെ പ്രമുഖൻ പുത്തൂർ ഗോപാലകൃഷ്ണൻ്റെ മകൻ ആദ്യം അച്ഛൻ്റെ കീഴിൽ തന്നെയാണ് പ്രാക്ടീസ് തുടങ്ങിയത്. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമബിരുദം നേടിയ ശേഷം കുറച്ചുകാലം കൊച്ചിയില്‍ അഡ്വ. എം.കെ. ദാമോദരന്റെ ജൂനിയറായിരുന്നു. തുടർന്ന് കൊല്ലത്ത് തിരിച്ചെത്തി സ്വതന്ത്രമായി കേസുകൾ ഏറ്റെടുത്ത് നടത്തി തുടങ്ങി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top