ഹാരിസ് ബീരാന്‍ മുസ്ലിംലീഗ് രാജ്യസഭാ സ്ഥാനാര്‍ത്ഥി; തീരുമാനം പ്രഖ്യാപിച്ച് പാണക്കാട് സാദിഖ് അലി തങ്ങള്‍; പാര്‍ട്ടി എല്‍പ്പിച്ച വിശ്വാസം കാക്കുമെന്ന് ഹാരിസ്
രാജ്യസഭയിലേക്കുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയായി സുപ്രീംകോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാനെ പ്രഖ്യാപിച്ചു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖ് അലി തങ്ങളാണ് ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം അറിയിച്ചത്.
ലീഗ് നേതാവും മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലുമായിരുന്ന വികെ ബീരാന്റ മകനാണ് ഹാരിസ് ബീരാന്‍. ലീഗിന്റെ ഉന്നതാധികാര സമിതി അംഗമാണ്. ഡല്‍ഹി കെഎംസിസി അധ്യക്ഷനാണ് ഹാരിസ്. പൗരത്വ ബില്ലടക്കമുള്ള നിയമ വിഷയങ്ങളില്‍ ലീഗിനു വേണ്ടി സുപ്രീംകോടതിയില്‍ കേസ് നടത്തിപ്പിന് നേതൃത്വം കൊടുത്തത് ഇദ്ദേഹമായിരുന്നു.
ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, സംസ്ഥാന സെക്രട്ടറി പികെ ഫിറോസ് എന്നിവരുടെ പേരാണ് യൂത്ത്‌ലീഗ് മുന്നോട്ട് വെച്ചിരുന്നത്. മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാമിന്റെ പേരും രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും പാണക്കാട് തങ്ങള്‍ ഹാരിസ് ബീരാനു വേണ്ടി ഉറച്ചു നിന്നു എന്നാണറിയുന്നത്. സീറ്റ് കിട്ടാത്തതില്‍ യൂത്ത് ലീഗില്‍ പ്രതിഷേധമുണ്ട്. പാര്‍ട്ടി എല്‍പ്പിച്ച വിശ്വാസം കാക്കുമെന്ന് ഹാരിസ് ബീരാന്‍ പ്രതികരിച്ചു.
സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 25ന് നടക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, കേരള കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാന്‍ ജോസ് കെ. മാണി എന്നിവര്‍ ഒഴിയുന്ന സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം ഈ മാസം 13നാണ്. യുഡിഎഫിന് ഒരാളെ വിജയിപ്പിക്കുന്നതിനുള്ള അംഗബലം നിയമ സഭയിലുണ്ട്.
രാജ്യസഭാ സീറ്റിനെച്ചൊല്ലി സിപിഐയും കേരള കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം തുടരുകയാണ്. സിപിഎം അവരുടെ സീറ്റ് മാണി കോണ്‍ഗ്രസുമായി വീതം വയ്ക്കുമെന്നാണ് കേള്‍ക്കുന്നത്. ഇന്ന ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here