കാനഡയിലുള്ള പൗരൻമാർക്ക് നിർദേശവുമായി വിദേശകാര്യ മന്ത്രാലയം; ഇന്ത്യന്‍ പൗരന്മാരോടും വിദ്യാര്‍ത്ഥികളോടും അതീവ ശ്രദ്ധപാലിക്കാനും യാത്രകൾ ഒഴിവാക്കാനും മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കാനഡയിലുള്ള ഇന്ത്യന്‍ വംശജര്‍ക്കര്‍ക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. കാനഡയിലെ ഇന്ത്യന്‍ പൗരന്മാരോടും വിദ്യാര്‍ത്ഥികളോടും അതീവ ശ്രദ്ധ പാലിക്കാനാണ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ നിർദേശിച്ചിരിക്കുന്നത്. ഖലിസ്ഥാനി വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ നയതത്ര ബന്ധത്തില്‍ വിള്ളലുണ്ടായ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കാനഡയില്‍ കൂടി വരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയമായി അംഗീകരിക്കപ്പെടുന്ന വിദ്വേഷ കുറ്റകൃത്യങ്ങളും ക്രിമിനല്‍ അക്രമങ്ങളും കണക്കിലെടുത്ത് കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാരും അവിടേക്ക് യാത്ര ചെയ്യാന്‍ ആലോചിക്കുന്നവരും അതീവ ശ്രദ്ധ പാലിക്കാനും വിദേശകാര്യമന്ത്രാലയം നിര്‍ദേശത്തില്‍ പറയുന്നു.
അടുത്തിടെയുണ്ടാകുന്ന ഭീഷണികള്‍ പ്രത്യേകിച്ചും ഇന്ത്യന്‍ നയതന്ത്രജ്ഞരെയും ഇന്ത്യാ വിരുദ്ധതയെ എതിര്‍ക്കുന്നവരേയും ഇന്ത്യന്‍ സമൂഹത്തിലെ വിഭാഗങ്ങളെയും ലക്ഷ്യമിടുന്നു. അതു കൊണ്ട് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്ന കാനഡയിലെ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് നിര്‍ദ്ദേശിക്കുന്നതായും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
സമാനമായ മുന്നറിയിപ്പ് കാനഡയും നൽകിയിരുന്നു. അതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയം കാനഡയിലെ ഇന്ത്യൻ വംശജർക്ക് നിർദ്ദേശവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നായിരുന്നു കാനഡയുടെ മുന്നറിയിപ്പ്. ഇന്ത്യയിൽ താമസിക്കുന്ന കനേഡിയൻ പൗരൻമാർ ജാഗ്രത പാലിക്കണമെന്നും കാനഡയുടെ നിർദേശത്തിൽ പറയുന്നു.
ഖലിസ്ഥാന്‍ അനുകൂല നേതാവിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് ബന്ധമുണ്ടെന്ന് ആരോപിച്ച് കാനഡ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കിയതിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലുണ്ടാവുന്നത്. കാനഡയുടെ നീക്കത്തില്‍ ഡല്‍ഹിയിലെ മുതിര്‍ന്ന കനേഡിയന്‍ നയതന്ത്രജ്ഞനെ പുറത്താക്കിക്കൊണ്ട് ഇന്ത്യയും മറുപടി നൽകിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here