മുതിര്‍ന്ന അഭിഭാഷകന്‍റെ ആത്മഹത്യയ്ക്ക് പിന്നില്‍ പോലീസ് എന്ന് ആരോപണം; പ്രതിഷേധവുമായി അഭിഭാഷകര്‍

മുതിര്‍ന്ന അഭിഭാഷകന്റെ ആത്മഹത്യ ഗോവയില്‍ വിവാദമാകുന്നു. കഴിഞ്ഞ ദിവസമാണ് 71കാരനായ അഭിഭാഷകന്‍ ജയന്ത് പ്രഭു (70) വിനെ സൗത്ത് ഗോവയിലെ വസതിയിൽ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്. മകനെതിരെ യുവ അഭിഭാഷക നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ പോലീസിന്റെ മോശം പെരുമാറ്റം കാരണമാണ് അഭിഭാഷകന്‍ ആത്മഹത്യ ചെയ്യാന്‍ ഇടയായതെന്ന കുടുംബത്തിന്റെ ആരോപണമാണ് ജയന്ത്പ്രഭുവിന്റെ മരണം വിവാദമാക്കിയത്.

വനിതാ എസ്ഐയും ഒപ്പമുള്ള പൊലീസുകാരുമാണ് മരണത്തിനു കാരണമെന്ന് അഭിഭാഷകന്‍ ആത്മഹത്യാകുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് അഭിഭാഷകര്‍ രംഗത്തുവന്നത്. അന്വേഷണം വേണമെന്നും കുറ്റക്കാരെ ശിക്ഷിക്കണം എന്നുമാവശ്യപ്പെട്ട് അഭിഭാഷകര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തിയിട്ടുണ്ട്. നാല് പതിറ്റാണ്ടായി ഗോവയില്‍ അഭിഭാഷകനാണ് പ്രഭു. സൗത്ത് ഗോവ കൺസ്യൂമേഴ്‌സ് ഫോറത്തിൻ്റെ മുൻ പ്രസിഡനറുമാണ്.

യുവ അഭിഭാഷകയാണ് ജയന്ത് പ്രഭുവിന്റെ മകനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയത്. ഇതില്‍ ഗോവ സൗത്ത് പോലീസ് കേസ് എടുത്തിട്ടുണ്ട്. മകനെ കസ്റ്റഡിയില്‍ എടുക്കാന്‍ വേണ്ടിയാണ് വനിത എസ്ഐയും പോലീസുകാരും രാത്രി വീട്ടിലെത്തിയത്. ആ സമയത്ത് അഭിഭാഷകന്‍റെ മകനും ഭാര്യയും അവിടെ ഉണ്ടായിരുന്നില്ല.

മകനെ ചികിത്സയ്ക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി ആൻഡ് ഹ്യൂമൻ ബിഹേവിയറിൽ (ഐപിഎച്ച്ബി) പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു എന്ന് അഭിഭാഷകന്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഇതൊന്നും പോലീസ് ചെവികൊണ്ടില്ല. അവര്‍ വീട് മുഴുവന്‍ മകനുവേണ്ടി തിരഞ്ഞു. പോലീസിന്റെ മോശം പെരുമാറ്റവും വനിത എസ്ഐ ഇടയ്ക്കിടെ സര്‍വീസ് റിവോള്‍വറില്‍ സ്പര്‍ശിച്ചുകൊണ്ടിരുന്നതും അഭിഭാഷകനെ അസ്വസ്ഥനാക്കി. ഐപിഎച്ച്ബിയില്‍ നിന്നും കുടുംബം തിരിച്ചുവന്നപ്പോഴാണ് ജയന്ത് പ്രഭുവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.

പോലീസുകാരെ കുറ്റപ്പെടുത്തിയുള്ള കുറിപ്പും മുറിയിലുണ്ടായിരുന്നു. ഇതോടെയാണ് അഭിഭാഷകര്‍ പ്രക്ഷോഭവുമായി ഇറങ്ങിയത്. ആത്മഹത്യാ പ്രേരണയ്ക്കും ഭീഷണിപ്പെടുത്തിയതിനും പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ്റെ കുടുംബം പോലീസിൽ പരാതി നൽകിയും നല്‍കിയിട്ടുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതുവരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് കുടുംബം അറിയിച്ചത്. മൃതദേഹം പോലീസ് സൗത്ത് ഗോവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top