അഭിഭാഷകന് അതിക്രൂര മർദ്ദനം; പിന്നിൽ സ്ഥിരം ക്വട്ടേഷൻ സംഘങ്ങളെന്ന് സൂചന, കാരണം അവ്യക്തം; പരുക്കുകൾ ഗുരുതരം, മൊഴിയെടുക്കാൻ പോലീസ് ശ്രമം തുടരുന്നു
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ അഭിഭാഷകന് അജ്ഞാതസംഘത്തിൻ്റെ അതിക്രൂര മർദ്ദനം. തലയ്ക്കും ശരീരമാസകലവും പരുക്കേറ്റ അഡ്വ.എസ്.വിനോദിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിനോദ് കൈകാര്യം ചെയ്ത ഒരു കേസിലെ കക്ഷികളുമായി ബന്ധപ്പെട്ട ഗുണ്ടാസംഘമാണ് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച വൈകിട്ടോടെ ആശുപത്രിയിൽ എത്തിച്ച വിനോദ് ഇപ്പോഴും മൊഴി നൽകാനുള്ള അവസ്ഥയിൽ ആയിട്ടില്ല.
ശനിയാഴ്ച വൈകിട്ടോടെ കഠിനംകുളത്ത് വച്ചായിരുന്നു അക്രമം. ഉപദ്രവിച്ചവർ വിനോദിനെ കഴക്കൂട്ടത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കാറിൽ കയറ്റി കൊണ്ടുപോയി കഠിനംകുളത്തെ ആളൊഴിഞ്ഞ പ്രദേശത്തെ തെങ്ങിൻ തോട്ടത്തിൽ എത്തിച്ചായിരുന്നു മർദ്ദനം. തൊട്ടടുത്ത റോഡിലൂടെ പോയവരാരോ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത് പോലീസിന് അയക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തിയപ്പോഴേക്ക് ഗുണ്ടാസംഘം രക്ഷപ്പെട്ടിരുന്നു.
ചിറയിൻകീഴ് അഴൂർ സ്വദേശിയാണ് വിനോദ്. പരുക്കുകളെല്ലാം സാരമുള്ളതാണ്. അതേസമയം ആയുധങ്ങൾ ഒന്നും ഉപയോഗിക്കാതെ അടിച്ചും ഇടിച്ചും നിലത്തിട്ട് ചവിട്ടിയും ഒക്കെയായിരുന്നു ആക്രമണം. ആയുധമില്ലാതെയും ഇത്ര മാരകമായി പരുക്കേൽപിക്കാൻ കഴിയണമെങ്കിൽ സ്ഥിരം ക്വട്ടേഷൻ സംഘങ്ങൾ ഏതെങ്കിലുമാകും എന്നാണ് പോലീസ് നിഗമനം. കഠിനംകുളം പോലീസാണ് കേസെടുത്ത് അന്വേഷിക്കുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here