കഴുത്തിൽ ഷാൾമുറുക്കിയ ശേഷം ഉമ്മ തലപൊക്കി നോക്കി; ഉടൻ തലയ്ക്കടിച്ചു, മരിച്ചെന്നാണ് കരുതിയത്… അഫാൻ്റെ മൊഴിയിൽ നെഞ്ചുപിടയ്ക്കും

കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നാലെ വിഷം കഴിച്ച പ്രതിയുടെ മൊഴി ഏറെ വൈകി ചൊവ്വാഴ്ച രാത്രിയോടെയാണ് പോലീസിന് രേഖപ്പെടുത്താൻ കഴിഞ്ഞത്. അതിലാണ് കൊലപാതകം അടക്കം എല്ലാത്തിനെക്കുറിച്ചും വിശദീകരിച്ചത്. എല്ലാം പൂർണമായും മുഖവിലക്ക് എടുക്കുന്നില്ലെങ്കിലും ചില കാര്യങ്ങളിൽ അവിശ്വസിക്കേണ്ടതില്ല എന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. അതിലൊന്ന് ഓരോരുത്തരെയും കൊലപ്പെടുത്തിയ വിധമാണ്.

വികാരവിക്ഷോഭം ഒട്ടുമില്ലാതെയാണ് അഫാൻ ഓരോന്നും ഓർത്തെടുത്ത് പറഞ്ഞത്. ഏറ്റവും പ്രധാന കാര്യം സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ഉള്ളതാണ്. ബന്ധുക്കളും സുഹൃത്തുക്കളുമായ പത്തിലേറെ പേരിൽ നിന്ന് കടം വാങ്ങിയാണ് ഉമ്മ ഷെമി പതിവായി വീട്ടുചിലവുകൾ നടത്തിയിരുന്നത്. ഒരാൾ തുക തിരികെ ചോദിക്കുമ്പോൾ മറ്റൊരാളുടെ പക്കൽ നിന്ന് വാങ്ങി നൽകും. ഇങ്ങനെ മുന്നോട്ട് പോയെങ്കിലും പലരൊന്നിച്ച് ചോദിച്ചാൽ പെട്ടുപോകുന്ന സ്ഥിതിയാകും. ആകെ 65 ലക്ഷത്തോളം ബാധ്യതയായിരുന്നു.

കുടുംബം ഒന്നിച്ച് ജീവനൊടുക്കാൻ ആലോചിച്ചെങ്കിലും കൂട്ടത്തിലാരെങ്കിലും മരിക്കാതെ അവശേഷിച്ചാൽ എന്താകുമെന്ന് ആലോചിച്ച് പദ്ധതി പാതിവഴിയിൽ നിർത്തി. അതിന് ശേഷമാണ് എല്ലാവരെയും കൊലപ്പെടുത്തി താൻ ജീവനൊടുക്കുന്നത് ആലോചിച്ചത്. അത് പക്ഷെ ആരോടും പറഞ്ഞില്ല. അതിനുള്ള ഒരുക്കങ്ങളായിരുന്നു പിന്നീട്. താനില്ലാതെ കാമുകി ഒറ്റക്ക് ജീവിക്കുന്നത് സഹിക്കാൻ വയ്യാത്തതിനാൽ അവളെയും ഉൾപ്പെടുത്താൻ തീരുമാനിച്ചു.

അപ്പോഴൊന്നും മുത്തശിയും മറ്റ് ബന്ധുക്കളും പട്ടികയിൽ ഇല്ലായിരുന്നു. സാമ്പത്തികമായി ഒന്നിനും സഹായിക്കില്ല എങ്കിലും തന്നെ ശാസിക്കാൻ അടക്കം വീട്ടിലെ എല്ലാത്തിനും പിതൃസഹോദരൻ ലത്തീഫും ഭാര്യയും വരുമായിരുന്നു. അങ്ങനെ അവരോട് പകയുണ്ടായി. സംഭവദിവസവും അവർ ഫോണിൽ വിളിച്ചതോടെയാണ് അവിടെ പോയി അവരെയും കൊല്ലാൻ തീരുമാനിച്ചത്. കൊലയ്ക്കുള്ള ചുറ്റിക വാങ്ങാനും അവസാനഘട്ടത്തിലെ ചിലവുകൾക്കെല്ലാം തുക കണ്ടെത്താനാണ് മുത്തശിയെ കൊന്ന് മാലയെടുത്ത് പണയംവച്ചത്.

ആദ്യം ആക്രമിച്ചത് ഉമ്മ ഷെമിയെ ആണെന്നാണ് മൊഴി. രാവിലെ 11 മണിയോടെ ഷെമിയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊല്ലാൻ‌ ശ്രമിച്ചു. ബോധം പോയപ്പോൾ മരിച്ചെന്ന് കരുതി മുറിയിൽ പൂട്ടിയിട്ട് പുറത്തേക്ക് പോയി. മറ്റുള്ളവരെ കൊല്ലാൻ ആയുധം സംഘടിപ്പിക്കാനായിരുന്നു പിന്നെ ശ്രമം. അതിനായി വെഞ്ഞാറമൂട്ടിലുള്ള പണമിടപാട് സ്ഥാപനത്തിലെത്തി 1500 രൂപ കടം വാങ്ങി. പണയസ്വർണം ഉടൻ എത്തിക്കാമെന്ന് പറഞ്ഞു. പിന്നീട് അവിടെ തന്നെയുള്ള ഒരു കടകളിൽനിന്ന് വലിയ ചുറ്റികയും എലി വിഷവും വാങ്ങി.

ഇതെല്ലാമായി വീട്ടിലെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിച്ചു. കിടന്ന കിടപ്പിൽ ഉമ്മ തല ഉയർത്തി തന്നെ നോക്കുന്നു. പിന്നെയൊന്നും ആലോചിച്ചില്ല. ചുറ്റിക ഉപയോ​ഗിച്ച് ഉമ്മയുടെ തലയ്ക്കടിച്ചു. ഇത്തവണ മരിച്ചെന്ന ധാരണയിൽ പുറത്തുപോയി. പിന്നീട് പാങ്ങോടുള്ള മുത്തശ്ശിയുടെ വീട്ടിലെത്തി ഇതേ ചുറ്റിക ഉപയോ​ഗിച്ച് അവരെ കൊലപ്പെടുത്തി. ശേഷം മുത്തശ്ശിയുടെ സ്വർണമാല കൈക്കലാക്കി വെഞ്ഞാറമൂട്ടിലെത്തി പണമിടപാട് സ്ഥാപനത്തിൽ നൽകി 74,500 രൂപ വാങ്ങി.

ഇതിനുശേഷം എസ് എൻ പുരത്തെത്തി ലത്തീഫിനെയും ഭാര്യയേയും കൊലപ്പെടുത്തി. തുടർന്ന് വെഞ്ഞാറമൂട്ടിലെത്തി മദ്യപിച്ചശേഷം ഒരു ബോട്ടിൽ വാങ്ങി. പിന്നീട് ഫർസാനയെ ബൈക്കിൽ വീട്ടിലെത്തിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇതിന് തൊട്ടുമുൻപ് സ്കൂൾവിട്ട് വീട്ടിലെത്തിയ സഹോദരൻ അഫ്സാനെ കുഴിമന്തി വാങ്ങാൻ വെഞ്ഞാറമൂട്ടിലേക്ക് പറഞ്ഞയച്ചിരുന്നു. ഫർസാനയുടെ കൊലക്ക് പിന്നാലെ വീട്ടിൽ തിരികെയെത്തിയ സഹോദരനെ വകവരുത്തി. ഇതിനെല്ലാം ശേഷമാണ് താൻ വിഷം കഴിച്ചത് എന്നാണ് അഫാൻ പറയുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top