ഭ്രമയുഗത്തിനും പ്രേമലുവിനും ശേഷം മഞ്ഞുമ്മല്‍ ബോയ്‌സും ഇനി തെലുങ്ക് പറയും; റിലീസ് തിയതി പ്രഖ്യാപിച്ചു
മലയാള സിനിമക്ക് 2024 ഭാഗ്യവര്‍ഷമാണ്. ഒന്നിനു പുറകെ ഒന്നായി ഓരോ സിനിമകളും ഇന്ത്യയൊട്ടാകെ വിജയം നേടുന്നു. കേരള ബോക്‌സ് ഓഫീസില്‍ മാത്രമല്ല ടോളിവുഡിലും മലയാള സിനിമകളുടെ മാര്‍ക്കറ്റ് കുതിക്കുകയാണ്. ഭ്രമയുഗം, പ്രേമലു എന്നീ ചിത്രങ്ങള്‍ ഹൈദരാബാദ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെയും തെലുങ്ക് പരിഭാഷ റിലീസിനൊരുങ്ങുന്നത്.
മാര്‍ച്ച് 15നാണ് തെലുങ്ക് സംസ്ഥാനങ്ങളില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് എത്തുന്നത്. ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. പ്രമുഖനായ ഒരു നിര്‍മാതാവാണ് തെലുങ്ക് പരിഭാഷയുടെ പകര്‍പ്പവകാശം സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 8, 15 തിയതികളില്‍ പുറത്തിറങ്ങുന്ന ഭീമ, ഗാമി എന്നീ ചിത്രങ്ങളോട് മത്സരിക്കാന്‍ മലയാളത്തില്‍ നിന്നും ഇനി പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും ഉണ്ടാകുമെന്ന് ചുരുക്കം.
ജാനേമന്‍ എന്ന ചിത്രത്തിനു ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഗണപതി, ചന്തു സലിംകുമാര്‍ ലാല്‍ ജൂനിയര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്സ് ബോക്സ് ഓഫീസില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കേരളത്തിനകത്തും പുറത്തും ചിത്രം സൂപ്പര്‍ ഹിറ്റ് ആണ്. 40 കോടി രൂപയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here