മമ്മൂട്ടിക്കു പിന്നാലെ ദുൽഖറും ബ്ലാക്ക് & വൈറ്റ് പരീക്ഷണത്തിന് ഒരുങ്ങുന്നതായി അഭ്യൂഹം; പ്രതികരണവുമായി ‘കാന്ത’ സംവിധായകൻ
മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ഭ്രമയുഗം’ എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്. മമ്മൂട്ടിക്ക് പിന്നാലെ മകന്‍ ദുല്‍ഖര്‍ സല്‍മാനും ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരീക്ഷണത്തിന് ഒരുങ്ങുന്നുവെന്നാണ് പുതിയ വിവരം. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ‘കാന്ത’യിലൂടെയാണ് ദുല്‍ഖറിന്റെ പുതിയ പരീക്ഷണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം, ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ‘ആ വാർത്ത ശരിയല്ല,’ എന്ന് സംവിധായകൻ തന്നെ പ്രതികരിച്ചതായി ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നു.
എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും റിലീസിനെത്തുന്ന ‘കാന്ത’ ഒരു ഹൊറര്‍ ചിത്രമായിരിക്കും. നിലവില്‍ മണിരത്‌നം-കമല്‍ഹാസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘തഗ് ലൈഫ്’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ചിത്രം പൂര്‍ത്തിയാക്കിയ ശേഷമേ ‘കാന്ത’ ആരംഭിക്കൂ. തെലുങ്ക് സൂപ്പര്‍താരം റാണ ദഗ്ഗുബാട്ടിയാണ് ചിത്രം നിര്‍മിക്കുന്നത്. മറ്റുവിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തെലുങ്കില്‍ വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ‘ലക്കി ഭാസ്‌കര്‍’ എന്ന ചിത്രത്തിലും നിലവില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നുണ്ട്. മീനാക്ഷി ചൗധരിയാണ് മറ്റൊരു കേന്ദ്രകഥാപാത്രമായി എത്തുന്നത്. സുധ കൊങ്കരയുടെ അടുത്ത ചിത്രത്തിന്റെയും ഭാഗമാണ് ദുല്‍ഖര്‍. സൂര്യ, നസ്രിയ നസീം, വിജയ് വര്‍മ തുടങ്ങിയ വമ്പന്‍ താരനിരയാണ് സുധയുടെ ചിത്രത്തിനായി അണിനിരക്കുന്നത്. നടന്‍ വിജയ് യുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ നായകനാകുന്നു എന്നും അഭ്യൂഹങ്ങളുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here