‘മഞ്ഞുമ്മല്‍ ബോയ്‌സി’നു പിന്നാലെ തമിഴ്‌നാട് ബോക്സ് ഓഫീസിനെ ഇളക്കിമറിച്ച് ‘പ്രേമലു’; രണ്ടുദിവസത്തെ കളക്ഷൻ ഒരു കോടിക്കു മേൽ
തമിഴ് സിനിമകൾ കേരളത്തിലെത്തി കോടികൾ വാരുന്ന കാഴ്ച പതിവാണ്. എന്നാൽ ഇപ്പോഴിതാ മലയാള സിനിമകള്‍ ഓരോന്നായി തമിഴ്നാട് ബോക്സ് ഓഫീസിനെ പ്രകമ്പനം കൊള്ളിക്കുന്ന കാഴ്ചയാണ് കാണുന്നത്. ചിദംബരം ഒരുക്കിയ മഞ്ഞുമ്മല്‍ ബോയ്സ് തമിഴ്‌നാട് ബോക്സ് ഓഫീസില്‍ കൃത്യമായ ആധിപത്യം പുലര്‍ത്തുമ്പോള്‍ തന്നെയാണ് പ്രേമലുവും തമിഴ്‌നാട്ടിലെ തിയറ്റുകളെ തൂക്കിയടിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രേമലുവിന്റെ തമിഴ് ഡബ്ബ് പതിപ്പ് തമിഴ്നാട്ടില്‍ നിന്ന് മാത്രം ആദ്യ ദിവസം തന്നെ 50 ലക്ഷത്തിലധികം രൂപ നേടി. വാരാന്ത്യത്തില്‍ ആളുകള്‍ തിയറ്ററിലേക്ക് ഇടിച്ചു കയറുന്ന കാഴ്ചയാണ്. നിര്‍ജീവമായി കിടന്നിരുന്ന തമിഴ്‌നാട്ടിലെ തിയറ്ററുകള്‍ക്ക് ഈ മലയാള സിനിമകള്‍ ജീവന്‍ നല്‍കി എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.
പ്രേമലുവിന്റെ തമിഴ് പതിപ്പ് മാത്രം രണ്ടുദിവസം കൊണ്ട് ആഗോളതലത്തില്‍ 1.2 കോടി രൂപ നേടി. മഞ്ഞുമ്മല്‍ ബോയ്‌സ് ഇഫക്ട് ആവര്‍ത്തിക്കുകയാണെന്ന് വേണം മനസിലാക്കാന്‍. തമിഴ്‌നാട് ബോക്സ് ഓഫീസില്‍ 50 കോടി നേടിയ ആദ്യ മലയാള സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
പ്രേമലുവിന്റെ ഒറിജിനല്‍ പതിപ്പ് ഫെബ്രുവരി 9നാണ് തിയറ്ററുകളില്‍ എത്തിയത്. ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ ഹിറ്റ് സിനിമ എന്ന പദവിയും ഗിരീഷ് എ.ഡി സംവിധാനം ചെയ്ത പ്രേമലുവിന് സ്വന്തം. നസ്ലെനും മമിതയും മുഖ്യ വേഷങ്ങളില്‍ എത്തിയ പ്രേമലു ഹൈദരാബാദിലും വലിയ ചലനം സൃഷ്ടിച്ചു. എസ്.എസ്. രാജമൗലി, മഹേഷ് ബാബു തുടങ്ങിയവര്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here