ബിജെപിക്ക് 170 കോടി രൂപയുടെ ഇലക്ടറൽ ബോണ്ട്; റോബർട്ട് വാദ്ര ഉൾപ്പെട്ട ഭൂമി ഇടപാട് കേസിൽ ഡിഎൽഎഫ് റിയൽ എസ്റ്റേറ്റ് കമ്പനിക്ക് ക്ലീൻ ചിറ്റ് നൽകി ഹരിയാന സർക്കാർ

ഡൽഹി: ഇലക്ടറൽ ബോണ്ട് വാങ്ങുന്നവർക്കെതിരെയുള്ള കേസുകൾ ആവിയായി പോകുന്നതിന് ദിവസംതോറും ഉദാഹരണങ്ങൾ വന്നുകൊണ്ടേ ഇരിക്കുകയാണ്. 2014 ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിനെതിരെ ബിജെപിയുടെ പ്രധാന ആയുധമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര ഉൾപ്പെട്ട ഗുരുഗ്രാം ഭൂമി ഇടപാട് കേസ്. 2023ൽ ഹരിയാനയിലെ ബിജെപി സർക്കാർ തന്നെ ഇടപാടിൽ നിയമലംഘനമില്ലെന്ന് പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. എന്നാൽ ഇപ്പോഴാണ് അതിന്റെ രഹസ്യം പുറത്തുവരുന്നത്. കേസിലെ പ്രധാന പ്രതിയായിരുന്ന ഡിഎൽഎഫ് റിയൽ എസ്റ്റേറ്റ് കമ്പനി ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് സംഭാവന നൽകിയത് 170കോടി രൂപയാണ്.

2018ൽ ഹരിയാനയിൽ ബിജെപി അധികാരത്തിൽ വന്നപ്പോഴാണ് ഇടപാടിൽ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് വാദ്ര, ഡിഎൽഎഫ്, കോൺഗ്രസ് മുൻമുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ എന്നിവർക്കെതിരെ കേസ് എടുത്തത്. 2008ൽ വാദ്രയുടെ ‘സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി’ എന്ന കമ്പനി ഏഴര കോടി രൂപയ്ക്ക് വാങ്ങിയ മൂന്നര ഏക്കർ സ്ഥലം മാസങ്ങൾക്ക് ശേഷം ഡിഎൽഎഫ് ഏഴിരട്ടി കൂട്ടി 58 കോടി രൂപക്ക് വാങ്ങിയതാണ് കേസ്. 2012ലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തുകയും ഇടപാട് റദ്ദാക്കുകയും ചെയ്തു. 2018 സെപ്റ്റംബറിലാണ് കേസ് എടുത്തത്. 2019 ഒക്ടോബറിലാണ് ഡിഎൽഎഫ് ആദ്യ ബോണ്ട് വാങ്ങുന്നത്. 25കോടി രൂപ മൂല്യമുള്ള ബോണ്ടാണ് വാങ്ങിയത്. പിന്നീട് 2020, 2021, 2022 വർഷങ്ങളിലും ബോണ്ട് വാങ്ങി. 2022നവംബറിലാണ് അവസാനം വാങ്ങിയത്. അഞ്ചു മാസങ്ങൾക്ക് ശേഷം 2023ഏപ്രിലിൽ ഇടപാടിൽ ക്രമക്കേട് ഇല്ലെന്ന് ഹരിയാന സർക്കാർ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

സർക്കാർ കോടതിയിൽ അറിയിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ റോബർട്ട് വാദ്ര താൻ നിരപരാധിയാണെന്ന് തെളിഞ്ഞെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടു. ഇത് ചർച്ചയായതോടെ ബിജെപി സർക്കാർ കുഴഞ്ഞു. വാദ്രക്കും ഡിഎൽഎഫിനും ക്ലീൻ ചിറ്റ് നൽകിയിട്ടില്ല പകരം കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതാണെന്നും സർക്കാർ മാറ്റി പറഞ്ഞു. എന്നാൽ തുടർ അന്വേഷണമൊന്നും നടന്നില്ല. 2023 നവംബറിൽ കേസിന്റെ മെല്ലപ്പോക്കിൽ സർക്കാരിനെ കോടതി വിമർശിച്ചിരുന്നെങ്കിലും ഒരു പുരോഗതിയും ഉണ്ടായില്ല.

1946ൽ ചൗധരി രാഘവേന്ദ്ര സിങ് സ്ഥാപിച്ച ഡി.എൽ.എഫ് ഗ്രൂപ്പ് ഹരിയാന, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസാണ് നടത്തുന്നത്. സ്ഥലമിടപാടുമായി ബന്ധപ്പെട്ട് വേറെയും കേസുകൾ ഡിഎൽഎഫിന്റെ പേരിലുണ്ടെന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top