നേതൃത്വം വടിയെടുത്താൽ തീരുമോ കരുനാഗപ്പള്ളിയിലെ തർക്കം… സേവ് സിപിഎം പ്രതിഷേധത്തിന് പിന്നാലെ ഏരിയാ കമ്മറ്റി പിരിച്ചുവിട്ടു

പ്രതിഷേധവവുമായി പ്രവർത്തകർ തെരുവിറങ്ങിയ കരുനാഗപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മറ്റി പിരിച്ചുവിട്ടു. പകരം ഏഴംഗ അഡ്‌ഹോക്ക് കമ്മറ്റിയെ ചുമതലപ്പെടുത്തിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അറിയിച്ചു. ഉള്‍പ്പാര്‍ട്ടി വിഭാഗീയത, തെരുവിലേക്കിറങ്ങിയ പരസ്യ പ്രതിഷേധം എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. ടി മനോഹരന്‍ കണ്‍വീനറായാണ് പുതിയ അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ചത്. എസ്എല്‍ സജികുമാര്‍, എസ്ആര്‍ അരുണ്‍ ബാബു, പിവി സത്യദേവന്‍, എന്‍ സന്തോഷ്, ജി മുരളീധരന്‍, ബി ഇക്ബാല്‍ എന്നിവര്‍ കമ്മറ്റിയില്‍ അംഗങ്ങളാണ്. സംസ്ഥാന സെക്രട്ടറി പങ്കെടുത്ത കൊല്ലം ജില്ലാ കമ്മറ്റി യോഗത്തിലായിരുന്നു തീരുമാനമുണ്ടായത്.

ലോക്കല്‍ സമ്മേളനങ്ങള്‍ തടസപ്പെട്ടതിന് പിന്നാലെയാണ് സേവ് സിപിഎം പ്ലക്കാര്‍ഡുകളുമായി ഒരു വിഭാഗം പ്രവർത്തകർ തെരുവില്‍ ഇറങ്ങിയത്. ഉണ്ടായത് തെറ്റായ പ്രവണതയാണെന്നും നിലവിലെ കമ്മറ്റിക്ക് പാര്‍ട്ടിയെ നയിക്കാനാവില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തെറ്റായ ഒരു പ്രവണതയും പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ല. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയ ഈ നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധിച്ചവര്‍ക്കെതിരായ നടപടികളില്‍ പരിശോധിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

Also Read: പാര്‍ട്ടിയെ വിമര്‍ശിക്കുമെന്ന് ഭയം; ജി സുധാകരനെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തി സിപിഎം; അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ ക്ഷണമില്ല


കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്ക് കീഴിലുള്ള കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ പ്രതിഷേധമാണ് തെരുവിലെത്തിയത്.സമ്മേളനത്തില്‍ പുതിയതായി അവതരിപ്പിച്ച പാനലിനെതിരെയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിക്കെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ പൂട്ടിയിട്ടത് സംഘർഷത്തിന് കാരണമായിരുന്നു.

Also Read: കരുനാഗപ്പള്ളി ചേരിപ്പോരില്‍ നേതൃത്വം ഇടപെടുന്നു; നാളെ ഗോവിന്ദന്‍ ജില്ലയിലെത്തും

ജില്ലാ കമ്മറ്റി അംഗം പിആർ വസന്തനെതിരെയും നിരവധി ആരോപണങ്ങാളാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. കരുനാഗപ്പള്ളി ഏരിയ കമ്മറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കല്‍ സമ്മേളനങ്ങളും തര്‍ക്കത്തെ തുടര്‍ന്ന് അലങ്കോലപ്പെടുകയും ചെയ്തിരുന്നു. ലോക്കല്‍ സമ്മേളനങ്ങള്‍ അലങ്കോലപ്പെട്ടതിന് പിന്നാലെയാണ് സേവ് സിപിഎം പ്ലക്കാര്‍ഡുകളുമായി ഏരിയാ കമ്മറ്റി ഓഫീസിലേക്ക് പ്രകടനമായി എത്തിയായിരുന്നു വിമതരുടെ പ്രതിഷേധം. കൊള്ളക്കാരിൽ നിന്നും പാർട്ടിയെ രക്ഷിക്കു എന്നതായിരുന്നു പ്രതിഷേധക്കാർ ഉയർത്തിയ മുദ്രാവാക്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top