യോഗിയെ മാതൃകയാക്കി ഹിമാചലിലെ കോൺഗ്രസ് സർക്കാർ; ഭക്ഷണശാലകൾക്ക് കർശന നിർദ്ദേശം


ഉത്തർപ്രേദേശ് സർക്കാരിൻ്റെ ഉത്തരവ് മാതൃകയാക്കി ഹിമാചൽ പ്രദേശിലെ കോൺഗ്രസ് ഗവൺമെൻ്റ്. സംസ്ഥാനത്തെ എല്ലാ ഭക്ഷണശാലകളിലും ഉടമസ്ഥരുടേയും മാനേജർമാരുടേയും ജീവനക്കാരുടെയും പേരും മേൽവിലാസവും പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കി സർക്കാർ ഉത്തരവ്. ഷിംലയിൽ ചേർന്ന സംസ്ഥാന ഗ്രാമ, നഗര, മുനിസിപ്പൽ കോർപ്പറേഷൻ വികസന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഉത്തരവ് നടപ്പാക്കാൻ മന്ത്രിമാരായ വിക്രമാദിത്യ സിംഗ്, അനിരുദ്ധ് സിംഗ് എന്നിവരടങ്ങുന്ന ഏഴംഗ സമിതി രൂപീകരിച്ചു. വഴിയോരക്കച്ചവടക്കാർക്കും തിരിച്ചറിയൽ കാർഡ് നൽകുന്നതുൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവരുമെന്നും കഴിഞ്ഞ ദിവസം വിക്രമാദിത്യ സിംഗ് പ്രഖ്യാപിച്ചിരുന്നു.


ഇന്നലെ സമാനമായ ഉത്തരവ് യോഗി ആദിത്യനാഥ് സർക്കാരും പുറപ്പെടുവിച്ചിരുന്നു. ഹോട്ടലുകളിലും റസ്റ്റോറൻ്റുകളിലും സിസിടിവികൾ സ്ഥാപിക്കണം. പാചകക്കാരും വെയിറ്റർമാരും മാസ്‌കും കയ്യുറകളും ധരിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. സംസ്ഥാനത്ത് ജ്യൂസ്, പയറുവർഗ്ഗങ്ങൾ, റൊട്ടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ മനുഷ്യവിസർജ്യം അടക്കമുള്ള മായം കലർത്തുന്ന സംഭവങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. സംസ്ഥാനത്തെ ഭക്ഷണശാലകളിൽ പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു. ധാബകൾ, റെസ്റ്റോറൻ്റുകൾ, ഭക്ഷണ സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. അവിടെയുള്ള ഓരോ ജീവനക്കാർക്കും പോലീസ് വെരിഫിക്കേഷൻ നടത്തും. ഭക്ഷ്യ വസ്തുക്കളുടെ പരിശുദ്ധിയും പവിത്രതയും ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ നിലവാര നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും യുപി മുഖ്യമന്ത്രി വ്യക്തമാക്കി.


വൈഎസ്ആർ കോൺഗ്രസ് സർക്കാരിൻ്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു ഉണ്ടാക്കുന്നതിൽ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചെന്ന് ആന്ധ്ര മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ വെളിപ്പെടുത്തൽ വൻവിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പിന്നാലെ ഗുജറാത്തിലെ ലാബിൽ നടത്തിയ പരിശോധനയിൽ സാംപിളിൽ മൃഗക്കൊഴുപ്പിന്റെയും മത്സ്യ എണ്ണയുടെയും സാന്നിധ്യവും കണ്ടെത്തി. സംഭവത്തിൽ പ്രത്യേക സംഘത്തിൻ്റെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ആന്ധ്ര സർക്കാർ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top