വിശാല്‍ രാഷ്ട്രീയത്തിലേക്കുണ്ടോ?; വ്യക്തതയില്ലാത്ത പ്രസ്താവനയുമായി താരം; ‘തത്കാലം ലക്ഷ്യം പൊതുജനസേവനം’
നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം തമിഴ്നാട്ടില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. തമിഴ്‌നാടിന്റെ ദീര്‍ഘകാല സാംസ്‌കാരിക ചരിത്രം പരിശോധിച്ച് ഭാവിയില്‍ ഏതെല്ലാം നടീനടന്മാര്‍ രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ സാധ്യതയുണ്ട് എന്നുവരെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുമ്പ് രാഷ്ട്രീയത്തിലിറങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ച നടന്‍ വിശാലിന്റെ പേരും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. എന്നാല്‍, തല്‍ക്കാലം തന്റെ ആരാധക സംഘടനയിലൂടെയുള്ള സാമൂഹിക സേവനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് അദ്ദേഹം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. അതേസമയം രാഷ്ട്രീയ പ്രവേശനത്തിനുള്ള സാധ്യത താരം തള്ളിക്കളഞ്ഞിട്ടില്ല.
തമിഴ്നാട്ടിലെ ജനങ്ങളെ സഹായിക്കാന്‍ തന്റെ ആരാധക സംഘടന നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് വിശാല്‍ പ്രസ്താവനയില്‍ വിശദമാക്കി. ദേവി എന്ന ട്രസ്റ്റിലൂടെ അദ്ദേഹം നിരവധി നിരാലംബരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം സുഗമമാക്കിയിട്ടുണ്ടെന്നും സിനിമാ സെറ്റുകളില്‍ കണ്ടുമുട്ടുന്ന വ്യക്തികള്‍ക്ക് ആവശ്യഘട്ടങ്ങളില്‍ സഹായം നല്‍കാറുണ്ടെന്നും വിശാല്‍ പറയുന്നു.
“രാഷ്ട്രീയത്തില്‍ ഇറങ്ങുക എന്ന ലക്ഷ്യത്തോടെ ഞാനൊരിക്കലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. തല്‍ക്കാലം ഞാന്‍ എന്റെ സംഘടനയിലൂടെ സേവനം തുടരും. ഭാവിയില്‍ മറ്റൊരു തീരുമാനത്തിലേക്ക് സാഹചര്യങ്ങള്‍ നയിച്ചാല്‍, ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ മടിക്കില്ല.”
വിശാലിന്റെ പ്രസ്താവന രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് കൃത്യമായ ഉത്തരം നല്‍കുന്നില്ല. രജനികാന്ത് ഉള്‍പ്പെടെയുള്ള തന്റെ മുന്‍ഗാമികളെപ്പോലെ, രാഷ്ട്രീയ ഭാവിയെക്കുറിച്ച് അവ്യക്തമായ പ്രസ്താവനയാണ് താരം പുറത്തിറക്കിയത്.
അതേസമയം, 2017ല്‍ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിശാല്‍ ശ്രമിച്ചെങ്കിലും നാമനിർദ്ദേശ പത്രികയിലെ അപാകതമൂലം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അദ്ദേഹത്തിന്റെ പത്രിക തള്ളുകയായിരുന്നു എന്നത് ശ്രദ്ധേയമാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here