കക്കൂസ് കഴുകാന്‍ ദളിത് വിദ്യാർത്ഥിനികള്‍; ആദിവാസി കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളിൽ അടിമപ്പണി; പ്രിൻസിപ്പലിനെ പിരിച്ചുവിടണമെന്ന് രക്ഷിതാക്കള്‍

സ്‌കൂളിലെ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന വിദ്യാർത്ഥിനികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് പ്രിൻസിപ്പലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രധാന അധ്യാപികയെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്നാണ് ആവശ്യം. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ പാലക്കോട് സർക്കാർ സ്കൂളിലാണ് സംഭവം. പ്രിൻസിപ്പലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ധർമപുരി സിഇഒയ്ക്കാണ് അന്വേഷണ ചുമതല.

ഒന്നു മുതൽ എട്ട് വരെ വിവിധ ക്ലാസുകളിലായി നൂറ്റമ്പതോളം ആദിവാസി കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. സ്‌കൂൾ യൂണിഫോം ധരിച്ച പെൺകുട്ടികൾ ടോയ്ലറ്റുകൾ വൃത്തിയാക്കുന്ന ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട രക്ഷിതാക്കൾ സ്കൂൾ അധികൃതർക്കെതിരെ വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകുകയായിരുന്നു.


പ്രധാനാധ്യാപിക കുട്ടികളെ കൊണ്ട് സ്കൂളിൽ ഭാരിച്ച ജോലികൾ ചെയ്യിക്കുന്നതായി രക്ഷിതാക്കൾ ആരോപിച്ചു. കക്കൂസ് വൃത്തിയാക്കൽ, പരിസരം തൂത്തുവാരൽ, വെള്ളമെടുക്കൽ എന്നീ ജോലികൾ പെൺകുട്ടികളെക്കൊണ്ട് നിർബന്ധിപ്പിച്ച് ചെയ്യിക്കുകയായിരുന്നുവെന്നും അവർ കുറ്റപ്പെടുത്തി. വീഡിയോ വൈറലായതോടെ ഗ്രാമവാസികൾ പ്ലക്കാർഡുമായി തെരുവിൽ പ്രതിഷേധം നടത്തി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെക്കൊണ്ട്, പ്രത്യേകിച്ച് പെൺകുട്ടികളുടെ മേൽ ഇത്തരം ജോലികൾ അടിച്ചേൽപ്പിക്കരുതെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രധാന അധ്യാപികക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ഗ്രാമവാസികളുടെ ആവശ്യം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top