ബ്രാഹ്മണനായി ജനിക്കണമെന്ന് അന്ന് ആഗ്രഹം!! ഇന്ന് ആദിവാസികളെ ഭരിക്കണമെന്നും… സുരേഷ് ഗോപിയുടെ പ്രസ്താവനകൾ കൂട്ടിവായിക്കുമ്പോൾ

ഗോത്രകാര്യ വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണമെന്ന കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ പുതിയ ആഗ്രഹവും പതിവുപോലെ വിവാദത്തിലെത്തി നിൽക്കുകയാണ്. അടുത്ത ജൻമത്തിൽ ബ്രാഹ്മണനായി ജനിക്കണം എന്നാണ് ഇതിന് മുൻപ് അദ്ദേഹം പ്രകടിപ്പിച്ച ആഗ്രഹം. പുനർജൻമത്തിൽ വിശ്വാസമുണ്ടെന്നും അടുത്ത ജൻമം ബ്രാഹ്മണനായി തന്ത്രി കുടുംബത്തിൽ ജനിച്ച് ശബരിമല അയ്യപ്പനെ സേവിക്കണം എന്നുമായിരുന്നു അന്നത്തെ പ്രസ്താവന. തിരുവനന്തപുരത്ത് യോഗക്ഷേമ സഭയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് തികച്ചും സ്വാഭാവികമെന്ന മട്ടിൽ താരം ഇങ്ങനെയൊരു ആഗ്രഹം പങ്കുവച്ചത്.

“ഈശ്വരനെ പ്രാര്‍ത്ഥിക്കാന്‍ പിന്തുണയേകുന്ന പൂജാരി സമൂഹം കണ്‍കണ്ട ദൈവമാണ്. മാംസവും ചോരയുമുളള ഈശ്വരന്‍മാരാണ് പൂണൂല്‍ സമൂഹം. ആരും നിങ്ങളെ അടിച്ചമര്‍ത്താന്‍ പാടില്ല. ബ്രാഹ്മണ സമൂഹത്തിന് അര്‍ഹമായത് കിട്ടണം. അതിന് രാഷ്ട്രീയ ദുഷ്ടലാക്കുകള്‍ വെടിഞ്ഞ് സമൂഹത്തിന് നന്മ പകരുന്ന രാഷ്ട്രീയത്തിന് പിന്തുണ നൽകണം” – എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. ഇതിനെതിരെ വലിയ വിമർശമാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നത്.

ഇതുമായി കൂട്ടിവായിക്കാവുന്നതാണ് അദ്ദേഹത്തിൻ്റെ പുതിയ ആഗ്രഹവും. ആദിവാസി വകുപ്പ് ഉന്നതകുലജാതർ ഭരിക്കണമെന്നും, അത് തനിക്ക് വേണമെന്ന് എംപിയായ കാലം മുതൽ മോദിയോട് ആവശ്യപ്പെടുന്നതാണ് എന്നുമാണ് ഒരുമറയുമില്ലാതെ അദ്ദേഹം തുറന്നുപറയുന്നത്. ഡൽഹി തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലാണ് തൃശൂർ എംപിയുടെ പുതിയ ആഗ്രഹപ്രകടനം.

“2016ൽ എംപിയായ കാലഘട്ടം മുതൽ മോദിജിയോട് ആവശ്യപ്പെടുന്നതാണ് എനിക്ക് സിവിൽ ഏവിയേഷൻ വേണ്ട, ട്രൈബൽ തരൂ എന്ന്. നമ്മുടെ നാട്ടിലെ മറ്റൊരു ശാപമാണിത്. ട്രൈബൽ വകുപ്പ് മന്ത്രി ഒരിക്കലും ട്രൈബൽ അല്ലാത്ത ആളാവുകയേയില്ല. എന്റെ ആഗ്രഹമാണ്, ഒരു ഉന്നതകുലജാതൻ അവരുടെ ഉന്നമനത്തിനു വേണ്ടി ട്രൈബൽ മന്ത്രിയാകണം. ആദിവാസി വിഭാഗത്തിൽപെട്ട ഒരാളുണ്ടെങ്കിൽ അദ്ദേഹത്തെ മുന്നാക്ക ജാതികളുടെ ഉന്നമനത്തിനായി മന്ത്രിയാക്കണം. ഈ പരിവർത്തനം നമ്മുടെ ജനാധിപത്യത്തിൽ ഉണ്ടാകണം. ജാതിവശാൽ ഉന്നതകുലജാതനെന്ന് നമ്മൾ കരുതുന്ന ഒരു ബ്രാഹ്മണനോ നായിഡുവോ ഗോത്രവർഗത്തിന്റെ കാര്യങ്ങൾ നോക്കട്ടെ. വലിയ വ്യത്യാസമുണ്ടാകും. ഇക്കാര്യം ഞാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനൊക്കെ ചില ചിട്ടവട്ടങ്ങളുണ്ട്” -സുരേഷ് വാക്കുകൾ ഇങ്ങനെ.

സുരേഷ് ഗോപിയുടെ ഈ ആഗ്രഹം തരംതാണതാണെന്ന് വിമർശിച്ച് ആദിവാസി ഗോത്രമഹാസഭ രംഗത്തെത്തി. ഈ കാലമത്രയും ആദിവാസി വിഷയങ്ങളിൽ ഇടപെട്ടതും തീരുമാനിച്ചതും ഒക്കെ സവർണർ തന്നെയാണ്. ഇതുവരെ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ ഇക്കാര്യങ്ങളുടെ ഭാഗമാകുകയോ ഇടപെടുകയും ചെയ്‌തിട്ടില്ല. സുരേഷ് ഗോപിയുടെ സവർണ ചിന്തയിൽ നിന്നും വരുന്ന വാക്കുകളാണ് ഇവയെന്നും സികെ ജാനു വിമർശിച്ചു. കേന്ദ്ര മന്ത്രി ചാതുർവർണ്യത്തിൻ്റെ കുഴലൂത്തുകാരൻ ആണെന്നും കേന്ദ്ര മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിൻ്റെ പ്രതികരണം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top