വിവിധ ജില്ലകളില്‍ ഭൂമിക്കടിയില്‍ പ്രകമ്പനം; ആവർത്തിച്ചാൽ ജാഗ്രത പാലിക്കാൻ നിർദേശം

വയനാടിന് പിന്നാലെ കോഴിക്കോട്, പാലക്കാട് ജില്ലകളിലും പ്രകമ്പനം. കോഴിക്കോട് കുടരഞ്ഞിയിലും, മുക്കത്തും, മെഡിക്കൽ കോളേജിന് സമീപവുമാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദവും പ്രകമ്പനവും ഉണ്ടായത്. കൂടരഞ്ഞിയില്‍ ഭൂമിക്ക് അടിയിൽ നിന്ന് ഉഗ്ര ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറയുന്നു. പാലക്കാട് അലനല്ലൂർ കുഞ്ഞിക്കുളത്താണ് പ്രകമ്പനം അനുഭവപ്പെട്ടത്.
വയനാടിന്റെ വിവിധ ഭാഗങ്ങളിൽ രാവിലെ പത്ത് മണിയോടെ ഭൂമിക്കടിയിൽ നിന്ന് അനുഭവപ്പെട്ട വലിയ ശബ്ദം ഭൂചലനമല്ലെന്ന് സ്ഥിരീകരിച്ചു. റിക്ടര്‍ സ്കെയിലില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷനല്‍ സീസ്മോളജിക് സെന്‍റര്‍ വ്യക്തമാക്കി. വയനാട്ടില്‍ നിന്ന് ഭൂമി കുലുക്കത്തിന്‍റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇക്കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വിശദമായ പരിശോധന നടത്തിയാലേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളു. പ്രാഥമിക പരിശോധനയില്‍ ഭൂകമ്പത്തിൻ്റെ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
വലിയ രീതിയിലുള്ള കുലുക്കം എവിടെയും ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും വ്യക്തമാക്കി. പ്രകമ്പനം ഉണ്ടായെന്ന് പറയുന്ന വിവിധ പ്രദേശങ്ങളില്‍ പരിശോധന തുടരുകയാണ്. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ആവർത്തിച്ച് ഇത്തരത്തിലുള്ള ശബ്ദം കേട്ടാൽ ജാഗ്രത വേണമെന്നും അധികൃതർ പ്രദേശത്തുള്ളവർക്ക് നിർദേശം നൽകി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here