‘സർക്കാരറിയാതെ നന്മമരം 5000 കോടിയുടെ കരാർ ഒപ്പിട്ടു’; കളക്ടർ ബ്രോയ്ക്കെതിരെ ഫണ്ട് വകമാറ്റലടക്കം കൂടുതൽ ആരോപണങ്ങള്‍
സോഷ്യൽ മീഡിയയിൽ ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള പോര് മുറുകുന്നതിനിടയിൽ കളക്ടർ ബ്രോ എന്നറിയപ്പെടുന്ന എൻ പ്രശാന്തിനെതിരെ ആരോപണങ്ങളുമായി കൂടുതൽ പേർ രംഗത്തെത്തി. മുൻ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയാണ് ഇന്ന് ആദ്യം രംഗത്ത് വന്നത്. തൊട്ടുപിന്നാലെ മുന്‍ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കിന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ഗോപകുമാറും അദ്ദേഹത്തിനെതിരെ ആരോപണമുന്നയിച്ചു. ഫെയ്സ്ബുക്ക് വഴിയാണ് ഇരുവരും പ്രശാന്തിനെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പ്രശാന്ത് സോഷ്യൽ മീഡിയയിൽ തുടര്‍ച്ചയായി പോസ്റ്റിട്ടുകൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെയും ഗുരുതര ആരോപണങ്ങള്‍ ഉയരുന്നത്. എൻ പ്രശാന്ത് ചെയർമാനായിരുന്ന പിന്നാക്ക ക്ഷേമ വകുപ്പിന് കീഴിലുള്ള ‘ഉന്നതി’യുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായതായി വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നില്‍ ജയതിലക് ആണെന്നാണ് കളക്ടർ ബ്രോയുടെ ആരോപണം.
കോഴിക്കോട് കളക്ടറായിരിക്കെ എൻ പ്രശാന്ത് പുഴ സംരക്ഷണത്തിനുള്ള ഫണ്ട് വകമാറ്റി കാര്‍ വാങ്ങിയെന്നാണ് ഗോപകുമാറിൻ്റെ ആരോപണം. ഇതിന്‍റെ റിപ്പോര്‍ട്ട് തയ്യാറാക്കിയ അഡീഷണൽ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. ധനകാര്യ നോണ്‍ ടെക്നിക്കൽ പരിശോധന വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോര്‍ട്ട് തയാറാക്കിയിരുന്നു. വിവരമറിഞ്ഞ ‘നൻമമരം’ ഭീഷണിയുടെ സ്വരം പുറത്തെടുത്തുമാണ് ഗോപകുമാറിൻ്റെ പരിഹാസം. മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രശാന്തിനെതിരെ ഉന്നയിച്ച ആരോപണം ശരിവക്കുന്നതാണ് പോസ്റ്റ്.
ALSO READ: ‘കളക്ടർ ബ്രോ’ ചതിയൻ; ഐഎഎസ് പോരിനിടയിലേക്ക് മുൻ മന്ത്രിയുടെ എൻട്രി
ആഴക്കടൽ യാനങ്ങളുടെ നിർമ്മാണത്തിനായി തിരഞ്ഞെടുപ്പിൻ്റെ തൊട്ടുമുമ്പ് സർക്കാരുമായി ആലോചിക്കാതെ 5000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പു വെച്ച ഐഎഎസ് നന്മമരമാണ് പ്രശാന്ത് ബ്രോ എന്ന കഥാപാത്രം. ഈ കരാർ പ്രതിപക്ഷ നേതാവായിരുന്ന തൻ്റെ മുൻ ബോസ് രമേശ് ചെന്നിത്തലയ്ക്ക് അയച്ചു കൊടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മയുടെ പരാജയത്തിന് കാരണമായതും പ്രശാന്താണ്. 15 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപിയുടെ വോട്ട് മൂന്നു ശതമാനമായി കുറഞ്ഞു. അങ്ങനെ പ്രശാന്തിന്‍റെ കാർമ്മികത്വത്തിൽ കോൺഗ്രസ് – ബി ജെ പി സംയുക്ത സ്ഥാനാർത്ഥി വിഷ്ണുനാഥ് ജയിച്ചു. എന്നാല്‍ തീരദേശ മണ്ഡലങ്ങളിൽ പൊതുവിൽ ഈ കുതന്ത്രം ഏശിയില്ലെന്നും ഗോപകുമാർ കുറിച്ചു.
ALSO READ: സോഷ്യൽ മീഡിയയിൽ ഐഎഎസ് യുദ്ധം; അഡീഷണൽ ചീഫ് സെക്രട്ടറിയും കളക്ടർ ബ്രോയും കൊമ്പുകോര്‍ക്കുന്നു
വഞ്ചനയുടെ പര്യായമായ ഉദ്യോഗസ്ഥനായ പ്രശാന്ത് വീണ്ടും വില്ലൻ റോളിൽ എന്ന വിമർശനവുമായി സിപിഎം നേതാവ് മേഴ്സിക്കുട്ടിയമ്മയും ഇന്ന് രംഗത്ത് വന്നിരുന്നു.
യുഡിഎഫിന് വേണ്ടി വിടുപണി ചെയ്ത ആളാണ് പ്രശാന്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിന് വേണ്ടി പ്രശാന്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തി. ആഴക്കടൽ മത്സ്യബന്ധന കരാർ അതിന്റെ ഭാഗമായിരുന്നു. രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച ആളാണ് എൻ പ്രശാന്തെന്നും മേഴ്സിക്കുട്ടിയമ്മ കുറിച്ചു.
പ്രശാന്ത് ചെന്നിത്തലയുമായി നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയാണ് ആഴക്കടൽ വിൽപ്പന എന്ന തിരക്കഥ. അതിന് പിന്നിലെ ലക്ഷ്യം തീരദേശമണ്ഡലങ്ങൾ ആകെ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നു. രാഷ്ട്രീയ ഗൂഢാലോചന നടത്തുന്ന കാര്യത്തിലും പ്രശാന്ത് വില്ലന്റെ റോളിൽ തന്നെയാണുള്ളത്. കടൽ വിറ്റു എന്ന ആരോപണത്തിന് പിന്നിൽ വഞ്ചനയുടെ പര്യായമായ പ്രശാന്ത് ആണെന്നുമായിരുന്നു മേഴ്സിക്കുട്ടിയമ്മയുടെ വിമർശനം.
ഗോപകുമാറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ആഴക്കടൽ യാനങ്ങളുടെ നിർമ്മാണത്തിനായി തെരഞ്ഞെടുപ്പടുപ്പിന്‍റെ തലേന്നോ മറ്റോ സർക്കാരുമായി ആലോചിക്കാതെ 5000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പു വെച്ച ഐഎഎസ് നന്മ മരമാണ് പ്രശാന്ത് ബ്രോ എന്ന കഥാപാത്രം . അവിടെ നിന്നില്ല ആ ധാരണാ പത്രം പഴയ തൻ്റെ ബോസായ ചെന്നിത്തലയ്ക്ക് ചോർത്തി കൊടുത്തു. ഓരോ സീനുകളായി നാടകം അരങ്ങേറി. ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ബോൾഡ് ആയ മന്ത്രിമാരിൽ മുമ്പിലാണ് ശ്രീമതി മേഴ്സികുട്ടിയമ്മയുടെ സ്ഥാനം. 15 ശതമാനം വോട്ടുണ്ടായിരുന്ന ബിജെപി വോട്ട് മൂന്നു ശതമാനമായി കുറഞ്ഞു. അങ്ങനെ പ്രശാന്തിന്‍റെ കാർമ്മികത്വത്തിൽ കോൺഗ്രസ് – ബി ജെ പി സംയുക്ത സ്ഥാനാർത്ഥി വിഷ്ണുനാഥ് ജയിച്ചു. തീരദേശ മണ്ഡലങ്ങളിൽ പൊതുവിൽ ഈ കുതന്ത്രം പക്ഷെ ഏശിയില്ല.
ഈ നന്മ മരം കോഴിക്കോട് ബ്രോ ആയിരുന്ന കാലത്ത് പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാറു വാങ്ങി. ധനകാര്യ നോൺ ടെക്നിക്കൽ പരിശോധനാ വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോർട്ട് എഴുതി. റിപ്പോർട്ട് തയ്യാറാക്കുന്നത് ഒരു അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് . അയാളെ ഈ നന്മമരം ഭീഷണിപ്പെടുത്തിയത് നേരിട്ടറിയാം. എന്നെ വിളിച്ചിരുന്നു പല വട്ടം. അയാളെ ഭള്ളു പറഞ്ഞു കൊണ്ടുള്ള വിളി. അയാൾ അയാളുടെ ജോലിയല്ലേ ചെയ്യുന്നത് എന്നു സാമാന്യം കടുപ്പിച്ചു തന്നെ ചോദിക്കുകയും ചെയ്തു. ആ അഡീഷണൽ സെക്രട്ടറിയെ കൈകാര്യം ചെയ്യും എന്നായിരുന്നു ഭീഷണി.
ഞങ്ങളുടെ കൂടെ ഉത്തമബോധ്യത്തിൽ ചെയ്ത ജോലിയുടെ പേരിൽ ഞങ്ങളുള്ളപ്പോൾ ഒന്നും ചെയ്യില്ല എന്നു ചിരിച്ചു കൊണ്ട് പറയുകയും ചെയ്തു. ധനകാര്യ സെക്രട്ടറിയായിരുന്ന സീനിയർ ഐഎഎസുകാരനാണ് എന്നോട് പിന്നീട് സംസാരിച്ചത്. ബ്രോയുടെ ഭീഷണി പോക്കറ്റിൽ ഇടണം എന്നു തന്നെ പറഞ്ഞതോർമ്മയുണ്ട്. ഉദ്യോഗസ്ഥ ബിംബങ്ങളെ ആരാധിക്കുന്ന ശുദ്ധാത്മാക്കൾക്ക് ഒരു പാഠപുസ്തകമാണ് ഈ പ്രശാന്ത് എന്ന സിവിൽ സർവീസുകാരൻ
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here