പാര്‍ട്ടിയിലെ ശത്രുക്കളെ ഒതുക്കാന്‍ പ്രയോഗിച്ച ബ്രഹ്‌മാസ്ത്രം നരേന്ദ്ര മോദിയെ തിരിഞ്ഞു കുത്തുന്നു; കേജ്‌രിവാള്‍ ഉയര്‍ത്തിയ പ്രായപരിധി വിവാദത്തില്‍ ഞെട്ടി ബിജെപി

ന്യൂഡല്‍ഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രായം പ്രചരണ വിഷയമാവുന്നത്. ബിജെപിയില്‍ വിരമിക്കല്‍ പ്രായം 75 ആണെന്നും അടുത്ത വര്‍ഷം സെപ്റ്റംബറില്‍ 75 വയസ് പൂര്‍ത്തിയാവുന്ന നരേന്ദ്ര മോദി ഒഴിയുമെന്നുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദേശീയ മുന്നണിയെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കി.

2025 സെപ്റ്റംബറില്‍ 75 വയസ് തികയുന്ന മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയുമെന്നും പകരം അമിത് ഷാ പ്രധാനമന്ത്രിയാവുമെന്നായിരുന്നു കെജരിവാളിന്റെ പ്രവചനം. ഡല്‍ഹി മുഖ്യമന്ത്രിയുടെ ഈ പ്രവചനം ബിജെപിയെ ഞെട്ടിച്ചിരിക്കയാണ്. മോദിക്ക് ചെയ്യുന്ന ഓരോ വോട്ടും അമിത് ഷായ്ക്ക് ഗുണം ചെയ്യുമെന്നുമാണ് ഡല്‍ഹി മുഖ്യമന്ത്രി വോട്ടർമാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്.

50 ദിവസം തിഹാര്‍ ജയിലില്‍ കിടന്ന ശേഷം പുറത്തിറങ്ങിയ കെജരിവാളിന്റെ അടി ബിജെപിയുടെ മര്‍മ്മത്താണ് കൊണ്ടത്. 2014ല്‍ തിരഞ്ഞെടുപ്പ് വിജയം കൊയ്‌തെടുത്ത മോദി 75 വയസ് പ്രായപരിധി ചൂണ്ടിക്കാട്ടിയാണ് എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ മൂലയ്ക്കിരുത്തിയത്. 75 വയസിന് മുകളില്‍ പ്രായമുള്ളവര്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളില്‍ ഭരണപരമായ പദവികള്‍ വഹിക്കരുതെന്ന നിര്‍ദ്ദേശം പാര്‍ട്ടിക്കുള്ളില്‍ മോദി മുന്നോട്ടുവെച്ചിരുന്നു. പാര്‍ട്ടി ഭരണഘടനയില്‍ ഇക്കാര്യം എഴുതിയിട്ടില്ലെങ്കിലും 2014 മുതല്‍ പാര്‍ട്ടിയില്‍ ഈ അലിഖിത നിയമം പ്രാബല്യത്തിലുണ്ടെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ പറയുന്നത്. 2014ല്‍ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പാട്ടീല്‍ രാജിവെച്ചത് 75 വയസ് പൂര്‍ത്തിയായ കാരണം പറഞ്ഞാണ്. പിറ്റേ വര്‍ഷം ന്യൂനപക്ഷ വകുപ്പ് മന്ത്രി നജ്മ ഹെപ്തൂള്ളയും സമാന കാരണം ചൂണ്ടിക്കാട്ടി രാജിവെച്ചു.

തനിക്ക് ഭീഷണി ആയേക്കാവുന്ന നേതാക്കളെ 75 വയസ് പരിധിപറഞ്ഞ് ഒഴിവാക്കിയ മോദി ഇപ്പോള്‍ കെജരിവാളിന്റെ ബ്രഹ്‌മാസ്ത്രം എങ്ങനെ തടയണമെന്നറിയാതെ കുഴങ്ങുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top