വിദ്യാഭ്യാസം നേടാൻ പ്രായമൊരു തടസ്സമല്ല

പ്രാഥമിക വിദ്യാഭ്യാസത്തിന് പ്രായമൊരു പ്രശ്നമല്ലെന്ന് തെളിയിക്കുകയാണ് 28 വയസുള്ള ബിഹാറുകാരി. മലപ്പുറത്തു താമസമാക്കിയ ഈ വീട്ടമ്മക്ക്, നഷ്ടമായ വിദ്യാഭ്യാസം നേടാൻ പ്രായമൊരു തടസമാണെന്ന് അറിഞ്ഞപ്പോഴാണ് വനിതാ കമ്മീഷന്റെ സഹായത്തിനായി എത്തിയത്.
എട്ടാം വയസിൽ വീട്ടുജോലിക്കായാണ് കേരളത്തിൽ എത്തുന്നത്. ജോലി ചെയ്ത വീട്ടിലെ പീഡനം മൂലം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ അനാഥാലയത്തിൽ എത്തിയെങ്കിലും പ്രാഥമിക വിദ്യാഭ്യാസം നേടാനായില്ല. എന്നാൽ ഇപ്പോൾ വിദ്യാഭ്യാസം നേടണമെന്ന തീവ്രമായ ആഗ്രഹമാണ് വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതിയെ വനിതാ കമ്മീഷനു മുന്നിൽ എത്തിച്ചത്.
യുവതിയുടെ ആവശ്യം ന്യായമാണെന്ന് മനസ്സിലായതോടെ വനിതാ കമ്മിഷൻ വേണ്ട സഹായങ്ങൾ നൽകാമെന്ന് ഉറപ്പു നൽകുകയായിരുന്നു. പഠനം ആരംഭിക്കുന്നതിനുള്ള സാധ്യത സംബന്ധിച്ച റിപ്പോർട്ട് നൽകാൻ പഞ്ചായത്തിലെ വനിതാ കമ്മീഷന്റെ ജാഗ്രത സമിതിയോട് ആവശ്യപ്പെടുമെന്ന് കമ്മിഷൻ അംഗം വി ആർ മഹിളാമണി പറഞ്ഞു. ബന്ധപ്പെട്ട വകുപ്പുകളുടെ സഹായവും തേടുമെന്ന് കമ്മീഷൻ അറിയിച്ചു. മലപ്പുറത്തു നടന്ന കമ്മീഷന്റെ ജില്ലാതല സിറ്റിങ്ങിലാണ് കേസ് പരിഗണിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here