പുണെ മോഡല്‍ അപകടം അഹമ്മദാബാദിലും; കൗമാരക്കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരുക്ക്; പ്രതിയെ രക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

പുണെയിലെ ആഡംബര കാര്‍ അപകടത്തിന്റെ നടുക്കം മാറുംമുമ്പേ സമാനരീതിയില്‍ അഹമ്മദാബാദിലും അപകടം. 17കാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിനിയായ 16 കാരിക്കാണ് ഗുരുതര പരിക്കേറ്റത്. പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. പുണെയില്‍ മേയ് 19നാണ് 17കാരന്‍ ഓടിച്ച കാര്‍ ഇടിച്ച് രണ്ട് യുവ ഐടി പ്രൊഫഷണലുകള്‍ മരിച്ചത്. സംഭവം വിവാദമായതോടെ കുട്ടിയുടെ കുടുംബം മുഴുവന്‍ അറസ്റ്റിലാവുകയും ജയിലില്‍ തുടരുകയുമാണ്. ഇതിനിടയിലാണ് വീണ്ടും മറ്റൊരു അപകടം.

ഹെബാത്പുര്‍ സ്വദേശിയായ 17-കാരന്‍ ഓടിച്ച ഫോര്‍ച്യൂണര്‍ കാറാണ് പെണ്‍കുട്ടിയെ ഇടിച്ചുതെറിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തായിരുന്നു അപകടം. സംഭവസ്ഥലത്തുനിന്ന് കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. പിതാവിന്റെ പേരിലുള്ള കാറാണ് ലൈസന്‍സില്ലാതെ കുട്ടി ഓടിച്ചതെന്നാണ് റിപ്പോര്‍ട്ട്. എഫ്ഐആര്‍ പോലീസ് വൈകിപ്പിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പുണെ അപകടത്തിലും കൗമാരക്കാരനെ രക്ഷിക്കാന്‍ ആസൂത്രിതമായ ശ്രമമാണ് നടന്നത്. ഇതാണ് വിവാദമുണ്ടാക്കിയത്.

പിതാവിന്റെ പോര്‍ഷെ കാര്‍ അതിവേഗത്തിലോടിച്ചാണ് പുണെയില്‍ മകന്‍ അപകടം വരുത്തിയത്. പാര്‍ട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവ ഐടി എഞ്ചിനീയര്‍മാരുടെ ജീവനുകളാണ് ഹോമിക്കപ്പെട്ടത്. ലളിതമായ ഉപാധികളോടെയാണ് ജുവനൈല്‍ ബോര്‍ഡ്‌ പ്രതിക്ക് ജാമ്യം അനുവദിച്ചത്. മദ്യപിച്ചോ എന്നറിയാനുള്ള രക്തപരിശോധ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അട്ടിമറിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ രക്തത്തിന് പകരം അമ്മയുടെ രക്തമാണ് പരിശോധനയ്ക്ക് അയച്ചത്. ഇത് തെളിഞ്ഞതോടെ രണ്ട് ഡോക്ടര്‍മാരും 17-കാരന്റെ പിതാവും മുത്തച്ഛനും അമ്മയും ഉള്‍പ്പെടെ ഉള്‍പ്പെടെ അറസ്റ്റിലാവുകയുംചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top